കോട്ടയം: അപകടത്തിൽപ്പെട്ട കാറിന്റെ അറ്റകുറ്റപ്പണി മൂന്നു മാസം വൈകിച്ചതിന് 1.94 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉപഭോക്‌തൃ കോടതിയുടെ വിധി. കുമാരനല്ലൂർ ആലപ്പാട്ട് ജെസിമോൾ ജോയിയുടെ പരാതിയിലാണിത്. അപകടത്തിൽപ്പെട്ട കാറിനു പകരം ഉപയോഗിക്കാൻ മറ്റൊരു കാർ നൽകണമെന്ന നിർദേശം പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തിയ കോടതി, ഈ സമയം ഉപയോഗിച്ച ടാക്‌സിയുടെ വാടക നൽകാനും വിധിച്ചു. കോട്ടയം കോടിമതയിലെ പോപ്പുലർ ഹുണ്ടായ്, ഓറിയന്റൽ ഇൻഷ്വറൻസ് , ഹുണ്ടായ് മോട്ടോഴ്‌സ് എന്നിവരോടാണ് ഉപഭോക്‌തൃ കോടതി പ്രസിഡന്റ് വി.എസ് മാനുവേൽ, അംഗം ആർ.ബിന്ദു എന്നിവർ നഷ്‌ടപരിഹാരം നൽകാൻ നിർദേശിച്ചത്.
ജെസിമോളുടെ അപകടത്തിൽപ്പെട്ട ഹുണ്ടായ് ഐ ട്വന്റി കാർ കോടിമതയിലെ ഹുണ്ടായ് ഷോറൂമിൽ സർവീസിനായി നൽകിയിരുന്നു. എന്നാൽ മൂന്നു മാസം കഴിഞ്ഞിട്ടും സർവീസ് ചെയ്തു നൽകാൻ കമ്പനിക്ക് സാധിച്ചില്ല. തുടർന്നാണ് ഇവർ പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. മൂന്നു മാസത്തോളം മറ്റൊരു വാഹനം വാടകയ്‌ക്ക് എടുത്ത് ഉപയോഗിച്ചതിന് 99,000 രൂപയും, സീറ്റ് കവറിന് നാശമുണ്ടാക്കിയതിന് 30,000 രൂപയും ഓയിൽ പൂശുന്നതിൽ വീഴ്‌ച വരുത്തിയതിന് 1500 രൂപയും നഷ്‌ടപരിഹാരം നൽകണം. ഇൻഷ്വറൻസ് തുക നൽകാൻ വൈകിയ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി നൽകേണ്ടത് 15,000 രൂപയാണ്. പരാതിക്കാരിക്ക് വേണ്ടി അഡ്വ.ഫ്രാൻസിസ് തോമസ് കോടതിയിൽ ഹാജരായി.