കോട്ടയം: രണ്ടു വർഷത്തിലേറെയായി തകർന്നു കിടന്ന നാഗമ്പടം പനയക്കഴിപ്പ് റോഡിലെ വെള്ളക്കെട്ട് മൂലം റെയിൽവേ ട്രാക്കിലൂടെ കയറി നടന്ന യാത്രക്കാരൻ ട്രെയിനിടിച്ചു മരിച്ചതിനു പിന്നാലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജോലികൾ അധികൃതർ ആരംഭിച്ചു. നാഗമ്പടം പ്രസീദയിൽ കെ.ആർ തമ്പിയാണ് (82) കഴിഞ്ഞ ദിവസം ട്രെയിൻ ഇടിച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്‌കാരം ശനിയാഴ്‌ച നടക്കും.
ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ നഗരസഭ അംഗം സാബു പുളിമൂട്ടിലിന്റെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. നഗരസഭാ ഫണ്ടിൽ നിന്നും തുക ഉപയോഗിച്ച്, ജെ.സി.ബി കൊണ്ടു വന്നാണ് റോഡ് തെളിച്ച് തുടങ്ങിയത്. രണ്ട് അടിയിലേറെ കെട്ടിക്കിടന്ന വെള്ളം ചാലുകീറി സമീപത്തെ തോട്ടിലേയ്‌ക്ക് ഒഴുക്കി. റോഡ് തറനിരപ്പിൽ നിന്നും രണ്ട് അടിയെങ്കിലും ഉയർത്തി, ഓട നിർമ്മിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനും പദ്ധതിയുണ്ട്.
റോഡ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്നു നാട്ടുകാരും അറിയിച്ചിരുന്നു. റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായാണ് രണ്ടു വർഷം മുൻപ് റോഡ് പൊളിച്ചത്. എന്നാൽ, ഇതുവരെയും റോഡ് നവീകരണം നടത്താൻ അധികൃതർ തയ്യാറായിരുന്നില്ല.