കുമരകം : മഴ പോയി മാനം തെളിഞ്ഞിട്ടും ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലെ ദുരിതം ഒഴിയുന്നില്ല. രണ്ടു ദിവസം തുടർച്ചയായി പെയ്‌ത മഴയിൽ ഉയർന്ന ജലനിരപ്പ് താഴാത്തതിനാൽ കുമരകം , തിരുവാർപ്പ് പഞ്ചായത്തുകളിലെ ജനജീവിതം ദുരിതപൂർണമായി. രണ്ടു ദിവസമായി പെയ്‌ത മഴയിൽ റോഡിൽ വെള്ളം കയറി ഗതാഗത തടസമുണ്ടാകാത്തതിനാൽ സാധാരണക്കാരുടെ ദുരിതം കാണാൻ അധികൃതർ ആരും എത്തിയില്ല. ഉൾപ്രദേശങ്ങളിൽ പല വീടുകളും, ചെറിയ ഇടവഴികളും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്.
ദുരിതം ഇവിടെ
ചെങ്ങളം കടത്ത് കടവ് മുതൽ ഇല്ലിക്കൽ വരെ
കുമരകം കോന്നേക്കേരി പാടശേഖരത്തിന് സമീപം
കാഞ്ഞിരം , അബേദ്ക്കർ കോളനി
കുടമാളൂർ,കരിപ്പ, പനയം പത്ത്, കരിപ്പൂത്തട്ട്
മൂഴിമുഖം നാല് തോട്,മണിയാപറമ്പ്
വിജയപുരം പഞ്ചായത്തിന്റെ ചിലഭാഗങ്ങൾ
കൃഷിയും വെള്ളത്തിൽ
വെള്ളമിറങ്ങാത്തത് നെൽകൃഷിയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ആർപ്പൂക്കര പഞ്ചായത്തിന്റെ തെക്ക്,പടിഞ്ഞാറൻ പ്രദേശങ്ങളിലും വെള്ളക്കെട്ട് കൃഷിയ്‌ക്ക് ഭീഷണി ഉയർത്തുന്നുണ്ട്. പുഞ്ചകൃഷിയ്ക്കായി പാടശേഖരങ്ങൾ ഒരുക്കേണ്ട സമയത്തെ മഴയാണ് കർഷകരെ വലയ്ക്കുന്നത്. കൃഷിയിറക്കാൻ വൈകുംതോറും വേനൽ മഴയുടെ ദുരിതവും അനുഭവിക്കേണ്ടി വരുമെന്നു ഇവർ പറയുന്നു.