വൈക്കം: നഗരസഭയിലെ 8 ാം നമ്പർ അംഗൻവാടി കെട്ടിടത്തിൽ ഇനി കുരുന്നുകൾക്ക് ഭയപ്പെടാതെ പഠിക്കാനും കളിക്കാനും ഇടമായി. ജീർണ്ണാവസ്ഥയിലായ കെട്ടിടം ആശ്രമം സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ എൻ.എസ്.എസ് വോളന്റീയർമാരായ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുനർനിർമ്മിച്ചു. എൻ.എസ്.എസ്. സെൽ നടപ്പാക്കുന്ന ശ്രേഷ്ഠ ബാല്യം പദ്ധതിയുടെ ഭാഗമായാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. അടച്ചുറപ്പില്ലാത്ത സാഹചര്യമായിരുന്നു അംഗൻവാടി കെട്ടിടം. ജനൽ, കതക്, തറ എന്നിവ പുനർനിർമ്മിച്ച് കെട്ടിടം പെയിന്റ് ചെയ്തു. കുട്ടികൾക്ക് ഓടിക്കളിക്കാൻ മുറ്റം മണ്ണിട്ട് ഉയർത്തി. കെട്ടിടത്തിലെ ചുമരുകളിൽ ശിശു സൗഹൃദ ചിത്രങ്ങളും വരച്ചു. ചെറിയൊരു പൂന്തോട്ടവും ഇവിടെ ക്രമീകരിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകി.
നവീകരിച്ച കെട്ടിടം നഗരസഭാ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ആർ. സന്തോഷ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഷാജി ടി. കുരുവിള, മിനി വി. അപ്പുക്കുട്ടൻ, ഇ.പി. ബീന, സി.എസ്. ജിജി, പി. സജി, ജി. സിജീഷ്, അഡ്വ. കലേഷ്, സൂപ്പർവൈസർ എസ്. തങ്കമണി, ഇ.കെ. നമിത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.പി. അജിത്ത് എന്നിവർ പ്രസംഗിച്ചു.