കോട്ടയം: കല്ലുപുരയ്ക്കൽ റസി‌ഡന്റ്സ് വെൽഫെയർ അസോസിയേഷനും ജനമൈത്രി പൊലീസും സംയുക്തമായി 27ന് ഉച്ചക്ക് 2 മുതൽ പുളിനാക്കൽ സെന്റ് ജോൺസ് ദി ബാറ്റിസ്റ്റ് പള്ളി അങ്കണത്തിൽ വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് നടത്തുന്നു. 'സ്വപ്നനഗരം- സേവ് കോട്ടയം' പദ്ധതിയുടെ ഭാഗമാണ് പരിപാടി. ജനമൈത്രി പൊലീസ്, മാലിന്യസംസ്കരണം, പ്ലാസ്റ്റിക് നിർമാർജനം, പകർച്ചവ്യാധികൾ, മദ്യം- മയക്കുമരുന്ന്, കുടുംബ പ്രശ്നങ്ങൾ, റോഡ് സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. നഗരസഭയുടെ 25, 26, 27, 45, 46, 47 വാർഡുകളിലുള്ളവർക്ക് പങ്കെടുക്കാം. പള്ളി വികാരി ഫാ. അഗസ്റ്റിൻ മേച്ചേരി ഉദ്ഘാടനം ചെയ്യും. ഗ്രീൻ കമ്മ്യൂണിറ്റി അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ അഡ്വ. സന്തോഷ് കണ്ടംചിറ അദ്ധ്യക്ഷത വഹിക്കും. റസി. വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി ജെ.വി. ഫിലിപ്പ് കുട്ടി വിഷയാവതരണം നടത്തും. പൊലീസ് ഉദ്യോഗസ്ഥരായ ബാബുരാജ്, വിബിൻ ജേക്കബ് എന്നിവർ ക്ലാസ് എടുക്കും.