പാലാ : ളാലം ബ്ലോക്കിൽ അപ്രതീക്ഷിത നീക്കത്തിലൂടെ കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിൽ നിന്ന് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തു. കോൺഗ്രസിലെ അഡ്വ.ജോസ് പ്ലാക്കൂട്ടമാണ് പ്രസിഡന്റ്. ജോസിന് ഏഴ് വോട്ടും കേരള കോൺഗ്രസ് എമ്മിലെ ജിജി തമ്പിയ്ക്ക് നാല് വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. ഇടതുപക്ഷത്തിന് ഇവിടെ അംഗങ്ങളില്ല.

13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ കേരള കോൺഗ്രസിന് ഏഴും കോൺഗ്രസിന് ആറും അംഗങ്ങളാണുള്ളത്. കേരള കോൺഗ്രസിലെ ധാരണ പ്രകാരം സിബി ഓടയ്ക്കൽ പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. ജിജി തമ്പിയാണ് പ്രസിഡന്റാവേണ്ടിയിരുന്നത്. ഇതിനായി ജില്ലാ പ്രസിഡന്റ് സണ്ണിതെക്കേടം അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ രംഗത്തിറക്കുകയായിരുന്നു. കേരള കോൺഗ്രസിലെ ഒരംഗം വിദേശത്താണ്. മറ്റൊരംഗമായ ബാബു എറയണ്ണൂരിന്റെ വോട്ട് അസാധുവായി. സിബി ഓടയ്ക്കലാണ് കോൺഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. അഡ്വ.ജോസ് പ്ലാക്കൂട്ടം ഉള്ളനാട് ഡിവിഷനിൽ നിന്നുള്ള അംഗമാണ്. കോൺഗ്രസ് ഭരണങ്ങാനം മണ്ഡലം മുൻ പ്രസിഡന്റ്, ചൂണ്ടച്ചേരി സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, കെഎസ് യു താലൂക്ക് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലാ ആർ ഡി ഒ അനിൽ ഉമ്മൻ വരണാധികാരിയായിരുന്നു.

കോൺഗ്രസ് അമർഷത്തിന് കാരണം

പാലാ ഉപതിരഞ്ഞടുപ്പിന് ശേഷം കോൺഗ്രസിനെതിരെ കേരള കോൺഗ്രസ് പ്രവർത്തകരിൽ ഒരുവിഭാഗം രംഗത്തുവന്നിരുന്നു. മുത്തോലിയിൽ കോൺഗ്രസിന്റെ പതാക കത്തിക്കുന്നതിലേയ്ക്ക് വരെ പ്രതിഷേധം നീണ്ടു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടെങ്കിലും കേരള കോൺഗ്രസ് ഗൗനിച്ചില്ല. പതാക കത്തിച്ചയാളെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലും ഇയാൾ പങ്കെടുത്തത് കോൺഗ്രസിനെ ചൊടിപ്പിച്ചു. കെ.എം.ചാണ്ടിയുടെ സ്മാരകം പാലായിൽ വേണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാത്തതും കോൺഗ്രസിൽ അമർഷത്തിന് കാരണമായിട്ടുണ്ട്.


അബദ്ധം പറ്റിയെന്ന് മുൻ പ്രസിഡന്റ്

വോട്ടു രേഖപ്പെടുത്തിയ ഉടൻ അബദ്ധം പറ്റിയെന്ന് മുൻ പ്രസിഡന്റമായ സിബി ഓടയ്ക്കൽ കൗൺസിൽ ഹാളിൽ ഉറക്കെ പറഞ്ഞു. എന്നാൽ മറ്റൊരു അവസരം നൽകാൻ വരണാധികാരി തയ്യാറായില്ല. ജിജി തമ്പിയുടെ പേര് നിർദ്ദേശിച്ചത് താനാണെന്നും വോട്ടെടുപ്പ് വേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന തനിയ്ക്ക് അബദ്ധം പറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു.