തലയോലപ്പറമ്പ്: മത ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പിൽ എല്ലാ വിദ്യാലയങ്ങളിലേയും കുട്ടികളെ ഉൾപ്പെടുത്തുകയും മാർക്ക് 60 ശതമാനവും വരുമാന പരിധി ആറ് ലക്ഷം രൂപയുമായിരിക്കെ ഹിന്ദു പിന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കാൻ അൺ എയ്ഡഡ് സ്‌കൂളുകളെ ഒഴിവാക്കുകയും മാർക്ക് 80 ശതമാനമായി ഉയർത്തുകയും വരുമാന പരിധി രണ്ടര ലക്ഷം രൂപയാക്കി മാറ്റുകയും ചെയ്ത നടപടി മത വിവേചനമാണെന്നും ഇത്തരം വിവേചനങ്ങൾ ഒഴിവാക്കാനുള്ള ധാർമ്മിക ബാദ്ധ്യത സംസ്ഥാന സർക്കാരിനുണ്ടെന്നും എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയൻ നേതൃയോഗം വിലയിരുത്തി.
ഈഴവ-വിശ്വകർമ്മ-നാടാർ ഉൾപ്പെടെയുള്ള ഹിന്ദു പിന്നാക്ക സമുദായങ്ങളിലെ പഠിതാക്കൾക്ക് ധനസഹായം കിട്ടാതിരിക്കാൻ ചട്ടങ്ങളും, നീതിക്ക് നിരക്കാത്ത ഉത്തരവുകളുമിറക്കുന്ന പിന്നാക്ക വികസന വകുപ്പിന്റെ നടപടികൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ഇത്തരം നീക്കങ്ങൾ പ്രതിഷേധാർഹവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇത്തരം ഉത്തരവുകൾ പിൻവലിക്കണമെന്ന് യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു, വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ, യൂണിയൻ കൗൺസിലർമാരായ കെ.എസ് അജീഷ് കുമാർ, യു.എസ് പ്രസന്നൻ, പി.കെ ജയകുമാർ, രഞ്ജിത്ത് മഠത്തിൽ, ഇ.കെ സുരേന്ദ്രൻ,ബിനു വെളിയനാട്, രഞ്ജിത്ത് മൂലമ്പുറം, പദ്മിനി തങ്കൻ, സുലഭ സജീവ്, മഞ്ജു സജി, ധന്യപുരുഷോത്തമൻ, വിഷ്ണു അച്ചേരിൽ, അച്ചു ഗോപി, ഹരി മുരളി, തുടങ്ങിയവർ പ്രസംഗിച്ചു.