കോട്ടയം: പൊലീസിനു നേരെ പെട്രോൾ ബോംബ് എറിയുകയും എക്‌സൈസ് സംഘത്തെ ആക്രമിക്കുകയും ചെയ്‌തത് അടക്കമുള്ള കേസുകളിൽ പ്രതികളായ രണ്ടു പേരെ ഗുണ്ടാ ആക്‌ട് ചുമത്തി നാടുകടത്തി. അതിരമ്പുഴ കോട്ടമുറി ചെറിയപള്ളിക്കുന്നേൽ ബിബിൻ ബാബു (22), കാണക്കാരി തുമ്പൂക്കര കണിയാംപറമ്പിൽ സുജേഷ് സുരേന്ദ്രൻ (21) എന്നിവർക്ക് ഇനി ഒരു വർഷത്തേയ്ക്ക് കോട്ടയം ജില്ലയിൽ പ്രവേശിക്കാനാവില്ല. ഇവർക്കെതിരായ കേസുകൾ ഉൾപ്പെടുത്തി ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.ജെ തോമസ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.ഐ.ജിയാണ് ഉത്തരവിട്ടത്. ഒരു വർഷത്തിനിപ്പുറം ഇവർ ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്ത് റിമാൻഡിലിടാൻ പൊലീസിനു സാധിക്കും.