പാലാ : സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന സേവാഭാരതിയുടെ സേവനം മാത്രകാപരമെന്ന് മുൻ ഡി.ജി.പി ഡോ.ടി.പി.സെൻകുമാർ പറഞ്ഞു. പാലാ ജനറൽ ആശുപത്രിയിൽ സേവാഭാരതി ആരംഭിക്കുന്ന സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി സൺസ്റ്റാർ കൺവെൻഷൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുപത്തി അയ്യായിരത്തോളം പേർക്ക് ദൈനംദിനം സേവാഭാരതിയിലൂടെ ഒരു നേരത്തെ ഭക്ഷണം ലഭിക്കുന്നുണ്ട്. ഇതാണ് യഥാർത്ഥ ഈശ്വരപൂജ. സംസ്ഥാനത്ത് സേവാഭാരതി നടപ്പാക്കുന്ന സേവനപദ്ധതികളിൽ താൻ ഉദ്ഘാടനം നടത്തുന്ന 48ാമത് സംരംഭമാണിത്. രാജ്യത്ത് 1.7 ലക്ഷം സേവാപദ്ധതിയിലൂടെ ലക്ഷക്കണക്കിന് പ്രവർത്തകർ സേവാഭാരതിക്കായി സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് മീനച്ചിൽ ഖണ്ഡ് സംഘചാലക് കെ.എൻ.വാസുദേവൻ അദ്ധ്യക്ഷനായി. സൗജന്യ പ്രഭാത ഭക്ഷണ വിതരണത്തിന്റെ സമ്മതപത്രം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു സി.മാത്യു സേവാഭാരതിക്ക് സമർപ്പിച്ചു. സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി യു.എൻ.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാദ്ധ്യക്ഷ ബിജി ജോജോ, മാസ്‌കോട്ട് ചെയർമാൻ വി.മുരളീധരൻ, പ്രസിഡന്റ് ഡോ.എൻ.കെ.മഹാദേവൻ, സേവാഭാരതി സംസ്ഥാന സമിതിയംഗം അഡ്വ.ഡി.പ്രസാദ്, സേവാമൃതം കൺവീനർ ബിജു കൊല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.