കറുകച്ചാൽ: അഗ്‌നിരക്ഷാനിലയമെന്ന കറുകച്ചാലുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇന്നും ഈ സ്വപ്‌നം കൈയ്യെത്താ ദൂരത്താണ്. കറുകച്ചാൽ ടൗൺ ഭാഗത്തോ അല്ലെങ്കിൽ നെടുംകുന്നം കേന്ദ്രീകരിച്ചോ അഗ്നിരക്ഷാ നിലയം സ്ഥാപിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യമെങ്കിലും ഇതിനായി യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അപകടങ്ങൾ പതിവായ ഈ പ്രദേശങ്ങളിൽ അടിയന്തരഘട്ടങ്ങളിൽ സമീപപ്രദേശങ്ങളിൽ നിന്ന് അഗ്നിരക്ഷാസേനയെത്തുമ്പോഴേക്കും ഏറെ സമയമെടുക്കേണ്ടി വരുന്നു. മരങ്ങളും തോട്ടങ്ങളും ഏറെയുള്ളതിനാൽ മഴക്കാലത്ത് മരങ്ങൾ റോഡിലേക്കു വീണ് അപകടങ്ങളും സംഭവിക്കുന്നതും പതിവാണ്. അതുപോലെ, വേനൽക്കാലത്ത് തോട്ടങ്ങളിൽ തീപിടിത്തവും ഉണ്ടാകാറുണ്ട്. അപകടങ്ങൾ ഉണ്ടാകുമ്പോൾ നാട്ടുകാർ ചേർന്നാണ് പലപ്പോഴും ആദ്യം രക്ഷാപ്രവർത്തനം നടത്തുന്നത്. നാളുകൾക്ക് മുൻപ് പൊലീസ് സ്റ്റേഷനു സമീപത്തെ പുരയിടത്തിൽ തീപിടിച്ചിരുന്നു. അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും ഏക്കറുകളോളം തീപടർന്നു പിടിച്ചതിനുശേഷമാണ് സേന എത്തിയതെന്ന് നാട്ടുകാർ പറയുന്നു. അഗ്‌നിരക്ഷാ നിലയം സ്ഥാപിക്കാൻ അനുയോജ്യമായ റവന്യുഭൂമി ലഭിച്ചാൽ നടപടിക്ക് മുൻകൈ എടുക്കുമെന്ന് എൻ.ജയരാജ് എം.എൽ.എ മുൻപ് അറിയിച്ചിരുന്നു. നെടുംകുന്നത്ത് പള്ളിപ്പടിക്ക് സമീപത്തുണ്ടായിരുന്ന റവന്യുഭൂമിയിൽ വില്ലേജ് ഓഫീസ് കെട്ടിടം സ്ഥാപിച്ചതോടെ സ്ഥലം ഇല്ലാതായി. എന്നാൽ, കറുകച്ചാൽ പൊലീസ് സ്റ്റേഷനു സ്വന്തമായുള്ള രണ്ടരയേക്കറോളം ഭൂമി കാട് കയറി മൂടി നശിക്കാൻ തുടങ്ങിയിട്ട് നാളുകളെറെയായി. ഈ സ്ഥലത്ത് അഗ്‌നിരക്ഷാസേന നിലയം സ്ഥാപിക്കാൻ സൗകര്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ടൗൺ മദ്ധ്യഭാഗത്തായതും പൊലീസ് സ്റ്റേഷനു സമീപത്തായതും ഏറെ പ്രയോജനകരമാകുമെന്നും അതിനാൽ ഇതിനോട് ചേർന്ന് നിലയം സ്ഥാപിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.