കോട്ടയം: വിയറ്റ്നാമിലും ഇന്തോനേഷ്യയിലും ഉല്പാദനം ഇരട്ടിയായതോടെ അന്താരാഷ്ട്ര വിപണിയിൽ കറുത്ത പൊന്നിന്റെ വില കുത്തനെ ഇടിഞ്ഞു. കള്ളക്കടത്തും ഇറക്കുമതിയും യഥേഷ്ടം നടക്കുന്നതിനാൽ ഇന്ത്യയിലും കുരുമുളകിന്റെ വില താഴേക്കാണ്. ഇതോടെ ഹൈറേഞ്ചിലെ കുരുമുളക് കർഷകർ തോരാകണ്ണീരിലായി.

നാലു വർഷം മുമ്പ് കുരുമുളകിന്റെ വില 700 രൂപയായിരുന്നു. എന്നാൽ ഇന്നിപ്പോൾ 290 രൂപയിൽ എത്തി നില്ക്കുകയാണ്. ഇനിയും വില കുറയുമെന്നാണ് സ്പൈസസ് ബോർഡിന്റെ കണക്കുകൂട്ടൽ. ഇതോടെ കരുമുളക് കർഷകർ ആത്മഹത്യാ മുനമ്പിലാണ്.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള കള്ളക്കടത്തും വിയറ്റ്നാം കുരുമുളകിന്റെ ഇറക്കുമതിയുമാണ് കുരുമുളക് കർഷകരെ തീരാദു:ഖത്തിലാക്കുന്നത്. ശ്രീലങ്ക വഴിയാണ് വിയറ്റ്നാം കുരുമുളക് ഇറക്കുമതി ചെയ്യുന്നത്. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ വഴിയും ഇന്ത്യയിലേക്ക് വൻതോതിൽ കുരുമുളക് കടത്തുന്നുണ്ട്.

ഇന്ത്യയിലെ തന്നെ പ്രധാന കുരുമുളക് വിപണിയായ കട്ടപ്പന മാർക്കറ്റിൽ ഇന്നലെ കുരുമുളകിന്റെ വില കിലോക്ക് 290 രൂപയായിരുന്നു. കൊച്ചി മാർക്കറ്റിലാവട്ടെ ക്വിന്റലിന് 29,100 രൂപയും. മൂന്നു മാസമായി ആഭ്യന്തര വിപണിയിൽ കുരുമുളകിന്റെ വില കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്.

കുരുമുളക് ഇറക്കുമതിക്ക് വിദേശ വ്യാപാര ഡയറക്ടർ ജനറൽ കഴിഞ്ഞയിടെ വിലക്ക് ഏർപ്പെടുത്തി ഉത്തരവ് പുറപ്പെെടുവിച്ചിരുന്നു. ഇതോടെ ഇന്ത്യയിൽ കുരുമുളകിന്റെ വില അല്പം ഉണർന്നിരുന്നു. എന്നാൽ വിലക്കിനെതിരെ വ്യാപാരികൾ കൂട്ടത്തോടെ പരാതിയുമായി എത്തി. ഹൈക്കോടതി ഡയറക്ടർ ജനറലിന്റെ ഉത്തരവ് സ്റ്റേ ചെയ്തു. ഇതോടെ കുരുമുളക് വില താഴേയ്ക്ക് കൂപ്പുകുത്തി. കിലോക്ക് 700 ലധികം രൂപ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വില 320 രൂപയായി ഇടിയുകയായിരുന്നു.

ഇന്ത്യൻ കുരുമുളക് കിലോക്ക് 290 രൂപയ്ക്ക് കിട്ടുമ്പോൾ വിയറ്റ്നാം കുരുമുളകിന്റെ വില 200 രൂപയിൽ താഴെയേയുള്ളു. വ്യാപാരികളാവട്ടെ കള്ളക്കടത്തിലൂടെ കിട്ടുന്ന വിയറ്റ്നാം കുരുമുളക് ഇന്ത്യൻ കുരുമുളകിന്റെ കൂടെ കൂട്ടിക്കലർത്തി ലാഭം കൊയ്യുകയാണ്. ഈ കുരുമുളക് പ്രധാനമായും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് വ്യാപാരികൾ. ഇന്തോനേഷ്യ, വിയറ്റ്നാം കുരുമുളക് കൊച്ചിയിൽ കിലോക്ക് 210 രൂപയ്ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യൻ കുരുമുളകിനേക്കാൾ വലിപ്പം കൂടിയതാണെങ്കിലും ഗുണനിലവാരത്തിൽ ഇന്ത്യൻ കുരുമുളകിന് തന്നെയാണ് ഒന്നാം സ്ഥാനം.

ഭീഷണിയായി മഞ്ഞരോഗം

കേരളത്തിൽ മഞ്ഞ രോഗവും തണ്ട് ചീയലും മറ്റുമായി കുരുമുളക് ചെടികൾ നശിച്ചുകൊണ്ടിരിക്കയാണ്. ഹൈറേഞ്ചിലാണ് ഇത്തരത്തിൽ ഏക്ക‌‌ർ കണക്കിന് കുരുമുളക് ചെടികളാണ് നാമാവിശേഷമായത്. നാലു വർഷം മുമ്പുണ്ടായിരുന്നതിൽ നാലിലൊന്ന് ചെടികൾ പോലും ഇപ്പോൾ ഹൈറേഞ്ചിലില്ല. എന്നാൽ അയൽസംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും കുരുമുളക് ചെടി നന്നേ വളരുന്നുണ്ട്. കഴിഞ്ഞ ആറു വർഷങ്ങൾക്കുള്ളിലാണ് അയൽസംസ്ഥാനങ്ങളിൽ കുരുമുളക് ചെടി നട്ടുപിടിച്ചുതുടങ്ങിയത്. എന്നാൽ നല്ല വിളവാണ് അവിടെ ലഭിക്കുന്നത്. മാത്രമല്ല രോഗബാധയുമില്ല.