കോട്ടയം : പദ്ധതികൾ പലതുണ്ട്, പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം ! നഗരസിരാകേന്ദ്രമായ തിരുനക്കരയിലെത്തിയാൽ മൂക്കുപൊത്തണം. ബി.എസ്.എൻ.എൽ ഓഫീസിന് സമീപത്ത് പ്ലാസ്റ്റിക് കവറുകളിൽ നിറച്ച ടൺ കണക്കിന് മാലിന്യമാണ് കുമിഞ്ഞുകൂടി കിടക്കുന്നത്. കാലാകാലങ്ങളായി മാറിമാറി വരുന്ന നഗരപിതാക്കളും, മാതാവും മക്കളുമൊന്നും അറിയാത്തതല്ല ഇവിടുത്തെ പ്രശ്നം. ആര് ഭരിച്ചാലും വർഷം തോറും മാലിന്യനിർമ്മാർജനത്തിനായി കോടികൾ ചെലവഴിക്കുന്നുണ്ട്. എന്നിട്ടും മാലിന്യം കുന്നുകൂടുന്നതല്ലാതെ കുറയുന്നില്ല.
ഓടകളുടെ കാര്യം അതിലേറെ കഷ്ടമാണ്. വലിയ കെട്ടിടങ്ങളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും അഴുക്കുചാലുകളും കക്കൂസ് ടാങ്കും തുറന്നുവിടുന്നത് ഓടകളിലേക്കാണ്. സ്ലാബ് ഇട്ട് മൂടിയ ഓടകളുടെ അകത്ത് എന്തുസംഭവിക്കുന്നു എന്നത് പ്രത്യക്ഷത്തിൽ തിരിച്ചറിയാനാകുന്നില്ല. കെ.എസ്.ആർ.ടി.സി പോലും കക്കൂസ് മാലിന്യം തുറന്നുവിടുന്നത് ഓടയിലേക്കാണ്. ഓടകളിലേക്കും ജലാശയങ്ങളിലേക്കും തുറന്നുവച്ചിട്ടുള്ള മാലിന്യക്കുഴലുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം നടപ്പാക്കിയാൽ കോട്ടയത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോ ഉൾപ്പെടെ പലതും പൂട്ടിക്കെട്ടേണ്ടിവരും.
ബഡ്ജറ്റിൽ വകയിരുത്തിയത്
2018-19 വർഷം ₹ 100 ലക്ഷം
2019-20 വർഷം ₹ 250 ലക്ഷം
പരിഹാരം കണ്ടെത്തുക വെല്ലുവിളി
'തിരുനക്കരയിലെ മാലിന്യപ്രശ്നം പെട്ടെന്ന് പരിഹരിക്കാനാവില്ല. രാത്രിയിൽ വിജനമായതിനാൽ മാലിന്യം നിക്ഷേപിക്കുന്നത് ആരെന്ന് കണ്ടെത്താനും നടപടി എടുക്കാനും പ്രയാസമുണ്ട്. ബി.എസ്.എൻ.എൽ ഓഫീസിന് സമീപത്തെ റോഡിന്റെ നവീകരണം ഉടൻ ആരംഭിക്കും. അതോടെ റോഡിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്യാനാകും. എന്നാൽ തൊട്ടടുത്ത് സ്വകാര്യവ്യക്തയുടെ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നഗരസഭ ഏറ്റെടുക്കില്ല. മാലിന്യ സംസ്കരണത്തിന് ടൗൺ ഉൾപ്പെടുന്ന കത്തീഡ്രൽ വാർഡിൽ നിലവിലുള്ളത് ഒരു തൂമ്പൂർമുഴി പ്ലാന്റാണ്. ഉണക്കമീൻ മാർക്കറ്റിന് സമീപം രണ്ടാമത്തെ പ്ലാന്റ് ഉടൻ സ്ഥാപിക്കും. ഓടകളിലേക്കുള്ള മലിനജലമൊഴുക്കും കക്കൂസ് ടാങ്കുകളുമൊക്കെ നിയന്ത്രിക്കാൻ നിലവിലെ സാഹചര്യത്തിൽ പരിമിതികളുണ്ട്. ഓടയ്ക്ക് മുകളിൽ സ്ലാബ് ഇട്ടിരിക്കുന്നതുകൊണ്ട് എവിടെയാണ് ഇത്തരം കുഴലുകൾ സ്ഥാപിച്ചിരിക്കുന്നത് എന്ന് കണ്ടെത്താനാവില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരെ നിരവധി തവണ നോട്ടീസ് നൽകിയിട്ടുണ്ട്. പക്ഷേ നഗരസഭ പറഞ്ഞാൽ അനുസരിക്കുന്നവരല്ല കെ.എസ്.ആർ.ടി.സി അധികൃതർ.
-എസ്. ഗോപകുമാർ, കത്തീഡ്രൽ
വാർഡ് കൗൺസിലർ
മാലിന്യനിക്ഷേപം തടയാൻ നഗരസഭ നിഷ്ക്രിയം
കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കക്കൂസ് മാലിന്യം ഓടയിലേക്ക്
ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾക്കും പുല്ലുവില