കോട്ടയം : തീർപ്പുകല്പിച്ച കണക്കിൽ വീണ്ടും തിരക്കിട്ട് വിശദീകരണം തേടുന്ന വിൽപ്പനനികുതി വകുപ്പിന്റെ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 29ന് കടകളടച്ച് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. 6 വർഷം മുമ്പ് സമർപ്പിച്ച കണക്കുകൾ 4 ദിവസത്തിനകം വീണ്ടും ഹാജരാക്കിയില്ലെങ്കിൽ ലക്ഷങ്ങൾ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നതിനെതിരായണ് വ്യാപാരികളുടെ പ്രതിഷേധം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും വ്യാപാരമാന്ദ്യവും നേരിടുന്നതിനിടെ ഇത്തരം ഭീഷണികൾ കൂടിയായാൽ കടകൾ അടക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് അസോസിയേഷന്റെ നിലപാട്. ഈ കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് നിവേദനം നൽകിയിരുന്നു. അതിൽ തീരുമാനം ഉണ്ടാകാതെ വന്നപ്പോൾ സൂചന സമരം നടത്തി. എന്നിട്ടും സർക്കാർ നിലപാടിൽ മാറ്റമില്ലാത്തതുകൊണ്ട് സമരം ശക്തമാക്കാനാണ് തീരുമാനം. കോട്ടയത്ത് 29 ന് രാവിലെ 10ന് ജില്ല വ്യാപാര ഭവനിൽ നിന്ന് പ്രകടനമായി കളക്ടറേറ്റിൽ എത്തി ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുമ്പിൽ ധർണ നടത്തും. ഏകോപന സമിതി ജില്ല പ്രസിഡന്റ് എം.കെ. തോമസ് കുട്ടി ധർണ ഉദ്ഘാടനം ചെയ്യും.