ashtami

വൈക്കം: അഷ്ടമി കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രം. വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമിയുടെ ഒരുക്കങ്ങൾ ദ്രുതഗതിയിലായി. അഷ്ടമി ഉത്സവകാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വൈക്കം അടക്കമുള്ള വിവിധ ഗ്രൂപ്പുകളിലെ നൂറിലധികം ജീവനക്കാരുടെ സേവനം ക്ഷേത്രത്തിലുണ്ടാവും. ക്ഷേത്രത്തിൽ 24000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ താൽക്കാലികമായി നിർമ്മിക്കുന്ന അലങ്കാര പന്തലിന്റ പണികൾ കൊടിയേറ്റിന് മുൻപ് പൂർത്തിയാക്കും. ഇതോടൊപ്പം സേവ പന്തലും നാലമ്പലത്തിനകത്ത് വിരിപ്പന്തലും ഒരുക്കും. ക്ഷേത്രത്തിനകത്ത് പൊലിസിന്റെ സേവനം ലഭ്യമാക്കുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായ കേന്ദ്രവും തുറക്കും. ജില്ലാ ഭരണകൂടത്തിന്റെയും അഗ്‌നിശമന സേനയുടെയും ആരോഗ്യ വകുപ്പിന്റെയും കൗണ്ടറുകളും ഉണ്ടാവും ഭക്തർക്ക് ക്ഷേത്ര ദർശനം നടത്തുന്നതിനും പ്രാതൽ വഴിപാട് കഴിക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങൾ എർപ്പെടുത്തും. ക്ഷേത്രത്തിലെ ദ്വാരപാലകന്മാർ, വലിയ ബലിക്കല്ല് തുടങ്ങിയ പിച്ചള പൊതിഞ്ഞ ഭാഗങ്ങൾ വ്യത്തിയാക്കും. ക്ഷേത്രത്തിലെ പാഴ് മരങ്ങളും ചെടികളും വെട്ടി വൃത്തിയാക്കി മാലിന്യങ്ങൾ നീക്കം ചെയ്ത് അവിടവിടെ കൂടിക്കിടക്കുന്ന മണൽ നിരത്തുന്ന ജോലികളും പുരോഗമിക്കുന്നുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കാനു ശ്രമം തുടങ്ങി. ക്ഷേത്രത്തിലുള്ള രണ്ട് ജനറേറ്ററുകളിൽ ഒരെണ്ണം കൊടിയേറ്റിന് മുൻപ് നന്നാക്കിയെടുക്കും.ഹൈമാസ് ലൈറ്റുകൾ ഉൾപ്പടെയുള്ളവയുടെ കേടുപാടുകൾ തീർക്കുന്നതോടൊപ്പം ക്ഷേത്രത്തിൽ നിലവിലുള്ള സിസിടിവി ക്യാമറകളും പ്രവർത്തനക്ഷമമാക്കും. ക്ഷേത്രത്തിലെ മരാമത്തു പണികളും കാടുകയറിയ ക്ഷേത്ര റോഡുകളുടെ വ്യത്തിയാക്കലും പെയിന്റിംഗും പൂർത്തിയായി വരുന്നു. എഴുന്നള്ളിപ്പുകൾക്ക് പ്രാധാന്യമുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൂടുതൽ ആനകൾ വരുമെന്നതിനാൽ ഇവയെ നീരിക്ഷിക്കുന്നതിന് മൃഗഡോക്ടറുടെ സേവനവും ഉണ്ടാവും.
ഭക്തജനങ്ങക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നിന് വടക്കേ നടയിലെ കംഫർട്ട് സ്റ്റേഷനു പുറമെ കിഴക്കേനടയിൽ 5 ഇ ടോയ്ലറ്റ് സൗകര്യം എർപ്പെടുത്തും. വാഹനങ്ങൾ പാർക് ചെയ്യുന്നതിന് വടക്കേ നടയിൽ ദേവസ്വത്തിന്റെ പാർക്കിങ് ഗ്രൗണ്ട് തയ്യാറാണ്. ക്ഷേത്രത്തിന്റെ ഗോപുര നടകളിലെ പാദരക്ഷ സുക്ഷിപ്പു കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണും. അഷ്ടമിയുത്സവം പടിവാതിൽക്കലെത്തിയിട്ടും ഒരുക്കങ്ങൾ തുടങ്ങിയില്ലന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് ക്ഷേത്രത്തിൽ എത്തി വേണ്ട ക്രമികരണങ്ങൾ ഏർപ്പെടുത്തുവാൻ നിർദ്ദേശം നല്കിയിരുന്നു.