ഈരാറ്റുപേട്ട: അഫീൽ മരിച്ചിട്ട് നാലുനാൾ കഴിഞ്ഞതേയുള്ളൂ. മൂന്നിലവ് കുറിഞ്ഞംകുളം വീടിന്റെ കണ്ണീർ തോർന്നിട്ടില്ല. മകൻ ബാക്കിവച്ചുപോയ ഓർമ്മകളുടെ മുറിവിനു മീതെ, അത്‌ലറ്റിക് അസോസിയേഷനിൽ നിന്നുള്ള അനീതിയുടെ വേദനകൂടി താങ്ങാൻ ശേഷിയില്ല, അഫീലിന്റെ അച്ഛൻ ജോൺസണും അമ്മ ഡാർലിക്കും. "മോന്റെ ചോര പുരണ്ട ആ ഹാമർ കഴുകിയെടുത്ത് വീണ്ടും മത്സരം നടത്തിയെന്ന് പത്രത്തിൽ കണ്ടപ്പോൾ ഞങ്ങൾക്കു സഹിച്ചില്ല. അവരുടെ മക്കളായിരുന്നെങ്കിലോ...?"
പാലായിലെ ജൂനിയർ അത്‌ലറ്റിക് മീറ്രിൽ ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തെറിച്ചുവീണ് അപകടമുണ്ടായത് അത്‌ലറ്റിക് അസോസിയേഷന്റെ പിഴവാണെന്നാണ് സമിതിയിലെ ആളുകൾ നേരത്തെ ഞങ്ങളോടു പറഞ്ഞത്. പക്ഷേ, അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് കുറ്റക്കാരെ രക്ഷിക്കുന്നതാണ്. ആദ്യംതൊട്ടേ അഫീലിനെ കുറ്റപ്പെടുത്താനായിരുന്നു ശ്രമം- ജോൺസൺ പറഞ്ഞു.
ഹാമർ തലയിൽ വീണ് ഗുരുതരാവസ്ഥയിൽ അഫീലിനെ കോട്ടയം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചപ്പോൾ, ഒരു കായികാദ്ധ്യാപകൻ ഫോണിൽ ആരോടോ പറഞ്ഞത് അമ്മ ഡാർലിയുടെ നെഞ്ചിൽ നിന്ന് മായുന്നതേയില്ല. മുന്നൂറു രൂപയും വാങ്ങി ആഹാരവും കഴിച്ച് ഗ്രൗണ്ടിൽ ഷൈൻ ചെയ്യാൻ കയറി നിന്നതാണ് എല്ലാത്തിനും കാരണമെന്ന് അയാൾ പറഞ്ഞത് ആ അമ്മയുടെ നെഞ്ചിലേക്കു വീണത് മകന്റെ ജീവനെടുത്ത ഹാമറിനെക്കാൾ ഭാരത്തോടെ.
''മോൻ ഉൾപ്പെടെ 13 കുട്ടികൾ വളണ്ടിയർമാരായിരുന്നു. രാവിലെ ഭക്ഷണത്തിന്റെ കൂപ്പണും ബാഡ്ജും നൽകിയിരുന്നു. അപകടമുണ്ടായപ്പോൾ അവർ അതിക്രമിച്ചു കയറിയവരായി. പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ ഞങ്ങൾ കോടതിയിൽ പോകും. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡി.ജി.പിക്കും പരാതി കൊടുക്കും."- കണ്ണീർ തുടച്ച് അഫീലിന്റെ അമ്മ പറഞ്ഞു
കുറിഞ്ഞംകുളം വീടിന്റെ പൂമുഖത്ത് അലമാര നിറയെ അഫീലിനു കിട്ടിയ മെഡലുകൾ. അവകാശികളില്ലാതെ അനാഥമായിപ്പോയ ആ മെഡലുകൾ ഡാർലിക്കും ജോൺസണും കണ്ണീരാണ്. ഫുട്ബോൾ താരമായി അഫീലിന്റെ ഫോട്ടോ പത്രങ്ങളിൽ വരുന്നതായിരുന്നു അച്ഛന്റെയും അമ്മയുടെയും മനസ്സിൽ. ഒടുവിൽ അച്ചടിച്ചുവന്നത്...
അഫീലിന്റെ ഫോണിൽ സംഘാടകർ കൃത്രിമം കാണിച്ചെന്നും പരാതിയുണ്ട്. അപകടമുണ്ടായ നാലാം തീയതി, 12.35 ന് അഫീലിന്റെ ഫോണിൽ നിന്നുതന്നെ വിളിച്ചാണ് ആരോ വിവരം വീട്ടിലറിയിച്ചത്. പാസ് വേർഡും ഫിംഗർ ലോക്കുമുള്ള ഫോണിൽ നിന്ന് അഫീലിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലും കാൾ വന്നിരുന്നു. അഫീലിന്റെ വിരൽ ചേർത്തുവച്ച് ഫോൺ അൺലോക്ക് ചെയ്തെന്നാണ് സംശയം. ഒടുവിൽ ഫോൺ അച്ഛനമ്മമാർക്കു കിട്ടുമ്പോഴേക്ക് അപകടത്തിനും രണ്ടു ദിവസം മുമ്പു മുതലുള്ള മുഴുവൻ കാളുകളും ഡിലീറ്റ് ചെയ്തിരുന്നു.
അത്‌ലറ്റിക് മീറ്റിന്റെ വളണ്ടിയർ ആകാൻ അഫീലിനെ സംഘാടകർ മൊബൈൽ ഫോണിലൂടെയും ക്ഷണിച്ചതിന്റെ തെളിവ് നശിപ്പിക്കാനാണ് ആ ദിവസങ്ങളിലെ കാളുകൾ ഡിലീറ്റ് ചെയ്തതെന്ന് ജോൺസണും ഡാർലിയും പറയുന്നു. പൊലീസ് വിശദമായ കാൾ ലിസ്റ്റെടുക്കണമെന്നാണ് അച്ഛന്റെയും അമ്മയുടെയും ആവശ്യം.