കോട്ടയം: അർബുദം ഇല്ലാത്ത വീട്ടമ്മയ്ക്ക് രോഗമുണ്ടെന്ന് റിപ്പോർട്ട് നൽകിയ വിവാദ ലാബായ ഡയനോവ ഇന്നും ഡോക്ടർമാരുടെ ഗുഡ് ബുക്കിൽ. രോഗികളെ കൊള്ളയടിക്കാൻ ലാബിന് അവസരമൊരുക്കുന്ന കാര്യത്തിൽ രണ്ടാമത് ഒന്നുകൂടി ആലോചിക്കേണ്ടതില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്.

ഇന്നലെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്കുണ്ടായ അനുഭവം ഡോക്ടർമാരും വിവാദ ലാബും തമ്മിലുള്ള ഒത്തുകളി വെളിവാക്കുന്നു. സ്കാനിംഗ് നിർദ്ദേശിച്ച ഡോക്ടർ വിവാദ ലാബിന്റെ ലെറ്റർപാഡിലാണ് പുറത്തേയ്ക്ക് കുറിച്ചുകൊടുത്തത്.

സ്കാൻ ചെയ്യാൻ വീട്ടമ്മയോട് ലാബ് ആവശ്യപ്പെട്ടത് 3000 രൂപയാണ്. പണം കൈവശമില്ലാതിരുന്നതുകൊണ്ട് തിരിച്ചുപോയ വീട്ടമ്മ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുള്ള ഡി.സി.എച്ച് ഡയഗനോസ്റ്റിക് സെന്ററിനെ സമീപിച്ചപ്പോൾ അതേ സ്കാനിംഗ് 500 രൂപയ്ക്ക് നടത്തുകയും ചെയ്തു. കോട്ടയം ഡിസ്ട്രിക്റ്റ് ഹോസ്പിറ്റൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ളതാണ് ഡി.സി.എച്ച് ഡയഗനോസ്റ്റിക് സെന്റർ.

കൃത്യവിലോപങ്ങൾ

 രോഗിക്ക് സ്വകാര്യലാബിന്റെ ലറ്രർപാഡിൽ സ്കാനിംഗ് കുറിച്ചുകൊടുത്തു

 പരിശോധനയ്ക്ക് പരോക്ഷമായി ശുപാർശ ചെയ്തത് വിവാദമായ ലാബിലേക്ക്

 കുറിപ്പിൽ രോഗിയുടെ പേരും വിലാസവും തിരിച്ചറിയൽ അടയാളങ്ങളുമില്ല

 സ്കാനിംഗ് നിർദ്ദേശിച്ച ഡോക്ടറുടെ സ്ഥാനപ്പേരൊ മറ്റ് വിവരങ്ങളൊ ഇല്ല

'സ്വകാര്യ ലാബിന്റെ ലറ്റർപാ‌ഡിൽ സ്കാനിംഗിന് കുറിച്ചുകൊടുക്കുന്നത് നിയമലംഘനമാണ്. സ്വകാര്യ പ്രാക്ടീസിനിടെ ചില ഡോക്ടർമാർ ഇങ്ങനെ ചെയ്യാറുണ്ടെങ്കിലും ആശുപത്രിയിൽ നിന്ന് യാതൊരു കാരണവശാലും പാടില്ല. ഇക്കാര്യത്തിൽ സൂപ്രണ്ടിനോട് വിശദീകരണം തേടും'

- ഡോ. ജേക്കബ് വർഗീസ്, ഡി.എം.ഒ, കോട്ടയം