പാലാ : ഇടപ്പാടി താഴ്‌വരയിൽ നിന്ന് ശിവഗിരി കുന്നിലേക്കുള്ള തീർത്ഥാടന പദയാത്രയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നു. 87-ാമത് ശിവഗിരി തീർത്ഥാടനത്തിനേടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനും ഇടപ്പാടി ആനന്ദഷൺമുഖ സ്വാമി ക്ഷേത്ര യോഗവും സംയുക്തമായി മുൻവർഷങ്ങളിലേതുപോലെ തീർത്ഥാടന പദയാത്ര ഇടപ്പാടി താഴ് വരയിൽ നിന്ന് ശിവഗിരി കുന്നിലേക്ക് ഇത്തവണയും വിപുലമായി നടത്തുമെന്ന് മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ, ഇടപ്പാടി ദേവസ്വം ഭാരവാഹികളായ ഷാജി മുകളേൽ, സുരേഷ് ഇട്ടിക്കുന്നേൽ എന്നിവർ അറിയിച്ചു. തെക്കിന്റെ പദയാത്രയെന്ന് പേരെടുത്ത യാത്ര ഡിസംബർ 25 ന് ആരംഭിച്ച് 31 ന് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. പദയാത്രയുടെ മുന്നൊരുക്കങ്ങൾക്കായി നാളെ 3ന് ഇടപ്പാടി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ആലോചനാ യോഗം നടക്കും. ദേവസ്വം പ്രസിഡന്റ് എം.എൻ.ഷാജി മുകളേലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം അഡ്വ. കെ.എം.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. മീനച്ചിൽ യൂണിയന് കീഴിലെ മുഴുവൻ ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ശാഖാ യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം ഭാരവാഹികൾ, ഇടപ്പാടി ക്ഷേത്ര യോഗം ഭാരവാഹികൾ, മാതൃസമിതി, യുവജന സമിതി എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് ക്യാപ്ടനും മീനച്ചിൽ യൂണിയൻ കൺവീനറുമായ അഡ്വ.കെ.എം.സന്തോഷ് കുമാർ അറിയിച്ചു.