പാലാ : ശബരിമല സീസണിൽ അയ്യപ്പഭക്തർക്ക് വേണ്ട മുഴുവൻ സൗകര്യങ്ങളും ഒരുക്കുന്നതിന് കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം ഇടത്താവളത്തിൽ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ഉണ്ടാകണമെന്ന് മാണി.സി.കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു. കടപ്പാട്ടൂർ ക്ഷേത്ര സന്നിധിയിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും, കടപ്പാട്ടൂർ ദേവസ്വം, പാലാ നഗരസഭ, മുത്തോലി പഞ്ചായത്ത് അധികാരികളുടെയും സംയുക്ത യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പഭക്തർക്ക് ഒരു കാര്യത്തിനും തടസം വരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇടത്താവളത്തിലും പരിസര പ്രദേശങ്ങളിലും നിരന്തരം ഉണ്ടാകുന്ന വൈദ്യുതിതടസം പരിഹരിക്കണമെന്നും ഇതുമൂലം ശുദ്ധജല വിതരണത്തിനും, ശൗചാലയത്തിലേക്കുമുള്ള ജലലഭ്യതയ്ക്കും തടസമുണ്ടാകുന്നതായും ദേവസ്വം പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ പറഞ്ഞു. ക്ഷേത്ര കുളിക്കടവിന് സമീപം അപകട ഭീഷണി ഉയർത്തുന്ന ട്രാൻസ്‌ഫോർമർ പാലത്തിന് സമീപത്തേക്ക് മാറ്റണമെന്ന് ഒരു വർഷമായി നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടിയില്ല. എം.പി ഫണ്ടിൽ നിന്നു അനുവദിച്ച് പാലത്തിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മൂന്നു വർഷമായി കത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് മുത്തോലി പഞ്ചായത്ത് അധികൃതരാണെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പറഞ്ഞു. അടിയന്തിരമായി പഞ്ചായത്ത് കമ്മിറ്റി ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ജിസ്‌മോൾ തോമസിനോട് എം.എൽ.എ ആവശ്യപ്പെട്ടു. യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ ബിജി ജോജോ, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് ജിസ്‌മോൾ തോമസ്, ആർ.ഡി.ഒ അനിൽ ഉമ്മൻ, ളാലം ബ്ലോക്ക് പഞ്ചായത്തംഗം ഹരിദാസ് അടമത്തറ, കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറി കയ്യൂർ സുരേന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

യോഗത്തിലെ ആവശ്യങ്ങൾ

റിംഗ് റോഡിന്റെ ഇരുവശവും അപകടരഹിതമാക്കുക

കൂടുതൽ വഴിവിളക്കുകൾ സ്ഥാപിക്കുക

എരുമേലി, പമ്പ ബസുകൾ കടപ്പാട്ടൂർ വഴി സർവീസ്

കെ.എസ്.ഇ.ബിയുടെ കേബിളുകൾ ഉടൻ നീക്കുക

തീർത്ഥാടകർക്കുള്ള സേവനങ്ങൾ

പൊലീസ്, എക്‌സൈസ്, ഫയർഫോഴ്‌സ് യൂണിറ്റുകൾ, ആയുർവേദ ഹോമിയോ ക്ലിനിക്കുകൾ എന്നിവ ക്ഷേത്രസന്നിധിയിലുണ്ടാവും. കൂടാതെ പാലാ ജനറൽ ആശുപത്രിയിൽ ശബരിമല തീർത്ഥാടകർക്കായി പ്രത്യേക ക്ലിനിക്കും, വാർഡും ആംബുലൻസ് സൗകര്യവും ഒരുക്കും. ഇവർക്ക് ഒ.പി. ടിക്കറ്റും സൗജന്യമായിരിക്കും. പി.ഡബ്ല്യുഡിയുടെ നേതൃത്വത്തിൽ അടുത്തയാഴ്ച സ്ഥലസൂചികാ ബോർഡുകൾ സ്ഥാപിക്കും. നഗരസഭ പ്രത്യേകം ശുചിത്വസേനയെ കടപ്പാട്ടൂരിലേക്ക് നിയോഗിക്കും.

ഫോട്ടോ അടിക്കുറിപ്പ്

കടപ്പാട്ടൂർ ക്ഷേത്രസന്നിധിയിൽ മാണി. സി. കാപ്പൻ എം.എൽ.എയുടെ നേതൃത്വത്തിൽ കൂടിയ ശബരിമല ഇടത്താവള അവലോകന യോഗം