കോട്ടയം: വിവാഹ വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് അറുപുഴയിൽ ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ. തലയോലപ്പറമ്പ് പുളിഞ്ചുവട് വീട്ടിൽ ബിബിൻ ചാക്കോയെ യാണ് (26) വെസ്റ്റ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം. അറുപുഴയിലെ വിവാഹ വീട്ടിലെ ചടങ്ങിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് അറുപുഴയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. താഴത്തങ്ങാടി സ്വദേശികളായ സുൽഫിക്കർ, അൻസിൽ എന്നിവർക്ക് അന്ന് വെട്ടേറ്റിരുന്നു.
തലയോലപ്പറമ്പ് സ്വദേശികളായ ഷുക്കൂർ, കുമ്മനം സ്വദേശികളായ ഷാഫി, ജാബി, സാജിദ് എന്നിവർക്കെതിരെയാണ് കേസെടുത്തിരുന്നത്. അക്രമ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് അഞ്ചു പ്രതികളിൽ മൂന്നു പേർ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യംനേടി. ബിബിൻ ചാക്കോ അടക്കം രണ്ടു പേർക്ക് ജാമ്യം ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ബിബിൻ വീട്ടിൽ എത്തിയതായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. പിടികൂടാൻ ശ്രമിച്ചപ്പോൾ വീട്ടുകാരുടെ കടിയും മാന്തുമേറ്റ പൊലീസുകാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.