thakkoldanam

വൈക്കം: വൈക്കം നഗരസഭ പി. എം. എ. വൈ. ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച നൂറ് വീടുകളുടെ താക്കോൽദാനം നഗരസഭാ ചെയർമാൻ പി. ശശിധരൻ നിർവഹിച്ചു. നഗരസഭയുടെ 26 വാർഡുകളിലായി 171 വീടുകൾക്കാണ് പദ്ധതിയിൽ അംഗീകാരം കിട്ടിയത്. നിർമ്മാണം പൂർത്തിയാക്കിയ നൂറ് വീടുകളുടെ താക്കോൽ ദാനമാണ് വെള്ളിയാഴ്ച രാവിലെ സത്യാഗ്രഹ സ്മാരക ഹാളിൽ നടത്തിയത്. ശേഷിച്ച വീടുകൾ നിർമ്മാണ ഘട്ടത്തിലാണ്. കേന്ദ്രസർക്കാറിന്റെ ഒന്നര ലക്ഷം രൂപയും, സംസ്ഥാന സർക്കാറിന്റെ വിഹിതമായ 50,000 രൂപയും, നഗരസഭയുടെ വിഹിതം രണ്ട് ലക്ഷവും ചേർത്ത് നാല് ലക്ഷം രൂപയാണ് ഒരു ഗുണഭോക്താവിന് നൽകിയത്. സംസ്ഥാന സർക്കാർ പി. എം. എ. വൈ ലൈഫ് പദ്ധതിയിൽപ്പെടുത്തി ഗുണഭോക്താക്കൾക്ക് നഗരസഭാ വിഹിതമായി അനുവദിച്ച ഒരു ലക്ഷം രൂപ വീതമുള്ള വിതരണവും നടത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി അധികമായി നൽകുന്ന ധനസഹായത്തിന്റെ വിതരണവും നടത്തി. പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളെ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 90 തൊഴിൽ ദിനങ്ങളുടെ ആനുകൂല്യം നൽകും. വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രമ്യാകൃഷ്ണൻ, രോഹിണിക്കുട്ടി അയ്യപ്പൻ, ആർ. സന്തോഷ്, ഡി. രഞ്ജിത്ത് കുമാർ, പി. എൻ. കിഷോർകുമാർ, ബിജു വി. കണ്ണേഴൻ, ഏ. സി. മണിയമ്മ, സൗദാമിനി, ജോബി ആന്റണി, അംബരീഷ് ജി. വാസു, എന്നിവർ പ്രസംഗിച്ചു.