കോട്ടയം: ആർ.സി.ഇ.പി സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് തുറന്ന ചർച്ചയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കരാറിനെതിരെ കേരളാ കോൺഗ്രസ് (എം) കോട്ടയത്ത് നടത്തിയ ഹെഡ് പോസ്റ്റോഫീസ് ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷിക്കാർക്ക് അർഹമായ സബ്‌സിഡികൾ നിഷേധിക്കുന്നതും അനിയന്ത്രിതമായ ഇറക്കുമതിമൂലം നാണ്യവിളകളുടെ വിലതകർച്ചക്ക് ഇടയാക്കുന്നതുമായ കനത്ത ഉപദ്രവമാണ് കരാർ യാഥാർത്ഥ്യമായാൽ സംഭവിക്കുക. വിദേശ പ്രൊഫഷണലുകളുടെ തള്ളിക്കയറ്റത്തോടെ രാജ്യത്തെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർ തൊഴിൽരഹിതരായി മാറുന്ന സ്ഥിതിയുണ്ടാകും.ഇന്ത്യയുടെയും കേരളത്തിന്റെയും സമ്പദ്ഘടനയെ പൂർണ്ണമായും തകർക്കുന്ന സ്ഥിതിവിശേഷം രാജ്യത്തിന് ഗുണകരമാകില്ലെന്നും ജനങ്ങൾ അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിക്കെതിരെ കേരളാ കോൺഗ്രസ്(എം) അതിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും മോൻസ് ജോസഫ് അറിയിച്ചു. സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ നടന്ന ഉപരോധസമരത്തിൽ ജനറൽ സെക്രട്ടറി കെ.എഫ് വർഗീസ് മുഖ്യ പ്രസംഗം നടത്തി, വി.ജെ. ലാലി, തോമസ് കണ്ണന്തറ, സി.ഡി.വത്സപ്പൻ, ജോസ് കങ്ങഴ, ജെയിസൺ ഒഴുകയിൽ, സാബു ഉഴുങ്ങാലിൽ, പോൾസൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം തുടങ്ങിയവർ സംസാരിച്ചു.