ചിങ്ങവനം: കേരള വ്യാപാരി വ്യവസായ സമിതി ചിങ്ങവനം യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഡിലൈറ്റ് ഹോം ഷോപ്പി ചിങ്ങവനം വ്യാപാരോത്സവം നവംബർ ഒന്ന് മുതൽ ജനുവരി 31വരെ നടക്കും. ചിങ്ങവനത്തെ വ്യാപാരശാലയിൽനിന്നും 300 രൂപ മുതലുള്ള സാധനങ്ങൾ വാങ്ങുമ്പോൾ, ഓരോ പർച്ചേസിനും ഉപഭോക്താക്കൾക്ക് സൗജന്യമായി സമ്മാനക്കൂപ്പൺ ലഭിക്കും. 15 ദിവസം കൂടുമ്പോൾ നടത്തുന്ന നറുക്കെടുപ്പിലൂടെ 10 ഭാഗ്യശാലികൾക്ക് ടി.വി, ഫ്രിഡ്‌ജ്, വാഷിംഗ് മെഷീൻ എന്നിവ അടക്കമുള്ള ഗൃഹോപകരണങ്ങൾ വിതരണം ചെയ്യും. ഫെബ്രുവരി രണ്ടിന് നടക്കുന്ന നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി മാരുതി ആൾട്ടോ കാർ വിതരണം ചെയ്യും.
വ്യാപാരോത്സവം ഇന്ന് വൈകീട്ട് 6.30ന് ചിങ്ങവനം ശാലേം പള്ളി ഓഡിറ്റോറിയത്തിൽ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ജി കണ്ണൻ അദ്ധ്യക്ഷത വഹിക്കും. വ്യാപാരികൾക്കുള്ള കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. നഗരസഭാദ്ധ്യക്ഷ ഡോ. പി.ആർ. സോന, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്റ് തോമസുകുട്ടി എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ ജി. കണ്ണൻ, റെജി സി. എബ്രഹാം, എൻ.സി. രാജു, ജിമ്മി തോമസ് എന്നിവർ അറിയിച്ചു.