കോട്ടയം: റോഡരികിലെ തിട്ടയിടിഞ്ഞ് തലകീഴായി തോട്ടിലേയ്‌ക്കു മറിഞ്ഞ വാട്ടർ ടാങ്കറിൽ നിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർ മണർകാട് നിലപൂഞ്ചേരി രമേശനാണ് (34) പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെ അണ്ണാൻകുന്ന്-ചുങ്കം റോഡിലെ ഇടവഴിയിലായിരുന്നു അപകടം. അണ്ണാൻകുന്ന് കൊണ്ടേട്ട് രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള വാട്ടർ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കാറിനു സൈഡ് കൊടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് ലോറി തലകീഴായി, തോട്ടിലേയ്‌ക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ പിൻഭാഗമാണ് ആദ്യം ഒരുവശത്തേക്ക് ചാഞ്ഞത്. തലകീഴായി ലോറി മറിയും മുൻപ്, രമേശൻ പുറത്തേക്ക് ചാടി. തൊട്ടുപിന്നാലെ വൻശബ്ദത്തിൽ സംരക്ഷണഭിത്തി ഉൾപ്പെടെ തോട്ടിലേക്ക് മറിഞ്ഞു. രണ്ടുചക്രം മാത്രമാണ് വെള്ളത്തിനു മുകളിൽ കാണാനുണ്ടായിരുന്നത്. ക്രെയിൻ ഉപയോഗിച്ച് ലോറി പിന്നീട് പുറത്തെടുത്തു.