ചങ്ങനാശേരി : ആധുനിക സൗകര്യങ്ങളോടെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കാൻ സംസ്ഥാന സർക്കാർ 5 കോടി രൂപ അനുവദിച്ചു. പഴയ ടി.ബി വാർഡ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു മാറ്റിയ ശേഷം ഇവിടെയാകും പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 5 നിലകളിലാണ് കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യ നിലയിൽ ഒ.പിയും, അനുബന്ധ സേവനങ്ങളും, രണ്ടാം നിലയിൽ ഓപ്പറേഷൻ തിയേറ്ററുകളും അനുബന്ധ സൗകര്യങ്ങളും, മൂന്നാം നിലയിൽ പോസ്റ്റ് ഓപ്പറേറ്റീവ് ഓർത്തോ, സർജറി വാർഡുകളും, നാലാം നിലയിൽ ഓർത്തോ, സർജറി (ജനറൽ) വാർഡുകളും ഒരുക്കും. അഞ്ചാംനില കോൺഫറൻസ് ഹാളിനും ഡോക്ടർമാരുടെ വിശ്രമമുറികൾക്കായും പ്രയോജനപ്പെടുത്തും.