പൊൻകുന്നം : വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്ട്രഷറി ഓഫീസ് ഉടൻ പൊൻകുന്നം മിനിസിവിൽസ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് ട്രഷറി ഡയറക്ടർക്കായി പൊൻകുന്നം സബ്ട്രഷറി ഓഫീസർ ജോസ് ജോർജ്ജ്, ജൂണിയർ സൂപ്രണ്ട് എൻ.ഗണേശ് എന്നിവർ അറിയിച്ചു. കെട്ടിടത്തിന്റെ ഇലക്ട്രോണിക് പണികൾ നടക്കുകയാണ്. ഇത് പൂർത്തിയായാലുടൻ ട്രഷറി മിനിസിവിൽ സ്റ്റേഷനിലെ രണ്ടാംനിലയിലേക്ക് മാറ്റും. നിലവിൽ സ്വകാര്യ വാടകക്കെട്ടിടത്തിൽ 5420 രൂപ മാസവാടക നൽകിയാണ് ട്രഷറി പ്രവർത്തിക്കുന്നത്. തിരക്കുള്ളപ്പോൾ പെൻഷൻകാർ ഉൾപ്പെടെ മഴനനയേണ്ട അവസ്ഥയാണ്. ഇതുസംബന്ധിച്ച് പി.യു.സി.എൽ. ജില്ലാ ജനറൽ സെക്രട്ടറി എച്ച്.അബ്ദുൽ അസീസ് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് സബ്ട്രഷറി ഓഫീസർ ലീഗൽ സർവീസ് കോടതിയെ വിവരം അറിയിച്ചത്. മറുപടിയുടെ അടിസ്ഥാനത്തിൽ കേസ് ഡിസംബർ 4 ന് അവധിക്കുവച്ചു.