പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ് ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട വിവാദം ഏറെ ചർച്ചയായിരുന്നു. 2018-19 ലെ ഓഡിറ്റ് റിപ്പോർട്ടിലെ ക്രമക്കേടിനെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.ഡി.എസിലെ അനൗദ്യോഗിക അംഗങ്ങളായ മൂന്ന് യു.ഡി.എഫ് മെമ്പർമാരും, ബി.ജെ.പിയുടെ വനിതാമെമ്പർമാരും ജില്ലാ മിഷന് പരാതി നല്കിയിരുന്നു. യു.ഡി.എഫും, ബി.ജെ.പിയും വിവിധ സമരപരിപാടികളും നടത്തിയിരുന്നു. ബദലായി ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ സംരക്ഷണ ജാഥയും നടന്നു.
യു.ഡി.എഫിലെ അഞ്ച് അംഗങ്ങളും ബി.ജെ.പി.യിലെ ആറ് അംഗങ്ങളും വിഷയംചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും കത്ത് നല്കിയതിനെ തുടർന്നാണ് ഇന്നലെ കമ്മിറ്റി വിളിച്ചത്. സി.ഡി.എസ് ചെയർപേഴ്‌സൺ യോഗത്തിന് എത്തിയില്ലെന്നാരോപിച്ച് പ്രതിപക്ഷം പ്രസിഡന്റിനെ തടഞ്ഞുവച്ചു. തുടർന്ന് സി.ഡി.എസ് പൊതുസഭ ചേർന്നെങ്കിലും പ്രതിപക്ഷം ബഹിഷ്‌കരിച്ചു. കഴിഞ്ഞ 23 ന് കേരളോത്സവം ചർച്ച ചെയ്യുന്നതിനായി ചേർന്ന അടിയന്തിര കമ്മറ്റിയും പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് മാറ്റിവച്ചിരുന്നു. ഇന്നലെ വീണ്ടും കമ്മിറ്റി വിളിച്ചു കൂട്ടി കുടുംബശ്രീ വിഷയം ചർച്ച ചെയ്ത ശേഷം കേരളോത്സവത്തിന്റെ കാര്യത്തിൽ തീരുമാനിക്കാനായിരുന്നു ധാരണ.
കുടുംബശ്രീ സംബന്ധിച്ച് വ്യവസ്ഥാപിത മാർഗ്ഗങ്ങളുണ്ടെന്നും ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് ഭരണപക്ഷ അംഗം അഡ്വ.ഗിരീഷ് എസ്.നായർ അഭിപ്രായപ്പെട്ടു. പ്രതിപക്ഷാംഗങ്ങളായ ഷാജി പാമ്പൂരി , കെ.ജി.കണ്ണൻ, മോളിക്കുട്ടി തോമസ് എന്നിവർ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. തുടർന്ന് നടന്ന ചർച്ചയിൽ യു.ഡി.എഫിലെ നാല് അംഗങ്ങളും ബി.ജെ.പി.യിലെ അഞ്ച് അംഗങ്ങളും വിജിലൻസ് അന്വേഷണത്തിൽ ഉറച്ചു നിന്നു. എൽ.ഡി.എഫിലെ എട്ട് അംഗങ്ങൾ എതിർത്തു. ഭൂരിപക്ഷ തീരുമാനം പ്രകാരം വിജിലൻസ് അന്വേഷണത്തിന് തീരുമാനിക്കുകയായിരുന്നു.
ക്രമക്കേടുകൾ കണ്ടെത്തിയില്ല
ഇന്നലെ നടന്ന അടിയന്തര കമ്മിറ്റിയിൽ സി.ഡി.എസ് ഓഡിറ്റ് റിപ്പോർട്ടിന്മേൽ ചർച്ച നടത്തിയെങ്കിലും സാമ്പത്തിക ക്രമക്കേടുകൾ ഉള്ളതായി കണ്ടെത്തിയില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയശ്രീധർ പറഞ്ഞു. സി.ഡി.എസ് ചെയർപേഴ്‌സണും കമ്മിറ്റിയിൽ പങ്കെടുത്തിരുന്നു. ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ കുടുംബശ്രീയെ താറടിക്കാൻ ഇതുവരെ നടത്തിയ ശ്രമങ്ങളെ സാധൂകരിക്കാൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. കുടുംബശ്രീ പ്രവർത്തനത്തിൽ വീഴ്ചയുണ്ടെങ്കിൽ പ്രാഥമികമായി പരിശോധിച്ച് തിരുത്തേണ്ട ഉത്തരവാദിത്തം ക്ഷേമകാര്യ സ്ഥിരംസമിതിക്കാണ്.