കോട്ടയം: ഓയിൽ പാം ഇന്ത്യയിൽ രണ്ടു പതിറ്റാണ്ടു കാലം കരാർ ജോലി ചെയ്ത വിമുക്തഭടന്റെ സ്ഥിര നിയമനത്തിനായുള്ള കാത്തിരിപ്പിന് വിരാമം. കൂടെ ജോലി ചെയ്ത കരാർ ജീവനക്കാരെയെല്ലാം സ്ഥിരപ്പെടുത്തിയിട്ടും വിരമിക്കാറായ തനിക്ക് ഈ ആനുകൂല്യം നിഷേധിക്കുന്നതിനെതിരെ ഇദ്ദേഹം സമർപ്പിച്ച പരാതിയിൽ ഹർജികൾ സംബന്ധിച്ച നിയമസഭാ സമിതി തീർപ്പുകൽപ്പിച്ചു.
സ്ഥിര നിയമനം സംബന്ധിച്ച ഉത്തരവ് ഉടൻ ലഭിക്കുമെന്ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമിതി തെളിവെടുപ്പിൽ ചെയർമാൻ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ അറിയിച്ചു. ഇതുൾപ്പെടെ പതിനൊന്നു പരാതികളിൽ സമിതി തീരുമാനമെടുത്തു. അംഗങ്ങളായ ആർ. രാമചന്ദ്രൻ, രാജു ഏബ്രഹാം, പി. ഉബൈദുള്ള എന്നിവരും തെളിവെടുപ്പിൽ പങ്കെടുത്തു. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, സമിതി ജോയിന്റ് സെക്രട്ടറി ജി. മാത്യുക്കുട്ടി എന്നിവരും സന്നിഹിതരായിരുന്നു.
92കാരനായ മുൻ അദ്ധ്യാപകന്റെ പരാതിയിൽ അദ്ദേഹത്തെ വീട്ടിൽ ചെന്നുകണ്ട് വിവരശേഖരണം നടത്തണമെന്നും ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി.
പൊലീസുമായുണ്ടായ സംഘർഷത്തിൽ കാലിന് പരുക്കേറ്റ് തൊഴിലെടുക്കാൻ കഴിയുന്നില്ലെന്നു കാണിച്ച് സമിതിയെ സമീപിച്ച വൈക്കം ടി.വി.പുരം സ്വദേശിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സാമ്പത്തിക സഹായത്തിന് ശുപാർശ ചെയ്യും.
പുതിയതായി ലഭിച്ചതിൽ ഏറെയും റീസർവ്വേ രേഖകളിൽ വാസസ്ഥലത്തിന് തോട്ടം എന്നു രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടവയാണ്. പ്രാദേശിക അദാലത്തുകൾ നടത്തി ഇവയിൽ തീർപ്പുകൽപ്പിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
ചങ്ങനാശേരിയിലെ വലിയകുളത്ത് റവന്യൂ വകുപ്പ് പാട്ടത്തിനു കൊടുത്ത സ്ഥലത്തെ കുളം നികത്തിയത് പൂർവ്വ സ്ഥിതിയിലാക്കണമെന്ന് നിർദേശിച്ച സമിതി കുളവും വ്യായാമ കേന്ദ്രവും മികച്ച രീതിയിൽ സജ്ജീകരിക്കുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പദ്ധതി നിർദേശം നൽകിയാൽ പരിഗണിക്കാമെന്നും അറിയിച്ചു.
വാഹന പരിശോധനയ്ക്കിടെ അപമര്യാദ:
പൊലീസുകാർക്കെതിരെ നടപടി
വാഹന പരിശോധനയ്ക്കിടെ അപമര്യാദയായി പെരുമാറിയതിന് മാദ്ധ്യമ പ്രവർത്തകൻ സമർപ്പിച്ച പരാതിയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു.
മൂന്ന് വർഷം മുൻപ് കോട്ടയം മെഡിക്കൽ കോളേജിൽ രോഗി മരിക്കാനിടയായതിൽ ചികിത്സാ പിഴവ് സംഭവിച്ചെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിൽ തെളിവെടുത്തു. ഇതു സംബന്ധിച്ച് പുനരന്വേഷണം നടത്തി റിപ്പോർട്ട് ഒരു മാസത്തിനകം നൽകണമെന്ന് നിർദ്ദേശിച്ചു.
കടുത്തുരുത്തി റബർ മാർക്കറ്റിംഗ് ആന്റ് പ്രോസസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അഴിമതി സംബന്ധിച്ച പരാതി വസ്തുതാപരമാണെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരിൽനിന്ന് നഷ്ടം ഈടാക്കുന്നതിനുപുറമേ നിയമനടപടി സ്വീകരിക്കണമെന്നും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.