എരുമേലി : കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി എരുമേലിയിലെ കടകളിൽ കുടിവെള്ളത്തിന്റെ ശുദ്ധതാ പരിശോധന തുടങ്ങി. ഒപ്പം കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസുകളിലും സാമ്പിൾ പരിശോധനയും ആരംഭിച്ചു. അതേസമയം ജലഅതോറിറ്റി നൽകുന്ന വെള്ളത്തിന്റെ ശുദ്ധതാപരിശോധനയുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

ശബരിമല സീസൺ മുൻനിറുത്തി ഇതാദ്യമായാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിക്കുന്നത്. മുൻകാലങ്ങളിൽ കടയുടമകൾ വെള്ളത്തിന്റെ സാമ്പിൾ നൽകുകയായിരുന്നു. കടകളിലെ വെള്ളമായി മുമ്പ് ചിലർ പരിശോധനയ്ക്ക് നൽകിയിരുന്നത് പ്രമുഖ കമ്പനികളുടെ മിനറൽ വാട്ടർ ആണെന്ന് ശബരിമല മുന്നൊരുക്ക യോഗത്തിൽ പരാതി ഉയർന്നിരുന്നു. നൂറുകണക്കിന് ശൗചാലയങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ പരിമിതമായ എരുമേലി ടൗണിൽ പ്രവർത്തിക്കുന്നതിനാൽ കുടിവെള്ള സ്രോതസുകൾ ശുദ്ധമാണെന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ടെന്നാണ് കളക്ടറുടെ നിർദ്ദേശം.

ഇന്നലെ രണ്ട് കടകളിലെയും 12 കിണറുകളിലെയും വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. അയ്യപ്പ ഭക്തർ കൂടുതലായി തങ്ങുന്ന പ്രദേശങ്ങൾ, ഇടത്താവളങ്ങൾ, പരമ്പരാഗത പാതകൾ, വീടുകൾ എന്നിവിടങ്ങളിലും പരിശോധനയുണ്ടാകും. ആരോഗ്യവകുപ്പിന് പുറമെ മലിനീകരണ നിയന്ത്രണ ബോർഡും പരിശോധന നടത്തും. പരിശോധനാ ഫലം വൈകാതിരിക്കാൻ മണ്ഡലസീസണിൽ എരുമേലിയിൽ മൊബൈൽ ലബോറട്ടറിയുടെ സേവനവും ഉണ്ടാകും. പരിശോധനയിൽ ശുദ്ധജലം അല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ അടിയന്തിര ശുചീകരണം ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ അതാത് കുടിവെള്ള സ്രോതസുകളിൽ നടത്തണമെന്നാണ് നിർദ്ദേശം. മൊബൈൽ ലാബിന്റെ സേവനം ആരംഭിച്ചിട്ടില്ലാത്തതിനാൽ പത്തനംതിട്ടയിലെ സർക്കാർ ലാബിലാണ് ഇപ്പോൾ സാമ്പിളുകൾ പരിശോധനയ്ക്ക് നൽകുന്നത്. പരിശോധനയ്ക്ക് ഹെൽത്ത് സൂപ്പർവൈസർ എം.വി ജോയി, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം ജോസഫ്, ജൂനിയർ ഇൻസ്‌പെക്ടർമാരായ വിനോദ് കുമാർ, പി.ഹരി എന്നിവർ നേതൃത്വം നൽകി.

ഗുണനിലവാരം തൃപ്തികരമെന്ന് ജലജല അതോറിറ്റി
ജല അതോറിറ്റിയുടെ വെള്ളത്തിന്റെ ഗുണനിലവാരം തൃപ്തികരമാണെന്നാണ് അതോറിറ്റി അവകാശപ്പെടുന്നത്. അതോറിറ്റി സ്വന്തം നിലയിൽ പരിശോധന നടത്തിയ ശേഷമാണ് ജലവിതരണം നടത്തുന്നതെന്ന് പറയുന്നു. ദേവസ്വം ബോർഡിലും ഒട്ടുമിക്ക കടകളിലും നൂറുകണക്കിന് വീടുകളിലും അതോറിറ്റിയാണ് വെള്ളം നൽകുന്നത്. എന്നാൽ ഈ വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് സംശയം ഉണ്ടെന്ന് ആക്ഷേപമുണ്ട്. വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കാൻ രണ്ട് പൊതു ടാപ്പുകളിലെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ ഈ നീക്കത്തോട് അതോറിറ്റി അനുകൂലമായി പ്രതികരിച്ചിട്ടില്ല.