പാലാ : നഗരസഭാ യോഗത്തിൽ ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേരിടുന്ന വിഷയത്തിൽ കേരള കോൺഗ്രസിന് അനുകൂലമായി വോട്ടു ചെയ്ത കോൺഗ്രസ് വനിതാ കൗൺസിലർ മിനി പ്രിൻസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ മാപ്പു പറഞ്ഞു. ഇതോടെ പാർട്ടി കടുത്ത ശിക്ഷണ നടപടികളിലേക്ക് കടക്കില്ലെന്നാണ് സൂചന.

ജനറൽ ആശുപത്രിക്ക് പ്രൊഫ.കെ. എം.ചാണ്ടിയുടെ പേരിടണമെന്ന കോൺഗ്രസ് നിലപാടുകൾക്ക് എതിരെ നിന്ന മിനി പ്രിൻസിനെതിരെ അച്ചടക്ക നടപടി വേണമെന്ന് മണ്ഡലം കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. ഇത്തരം ധിക്കാരം വച്ചുപൊറുപ്പിക്കരുതെന്ന് കമ്മിറ്റിയംഗങ്ങളായ ഷോജി ഗോപി, തോമസുകുട്ടി മുകാല തുടങ്ങിയവർ ആവശ്യപ്പെട്ടു. തെറ്റ് ഏറ്റു പറഞ്ഞ് മിനി പ്രിൻസ് പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ കൈപ്പത്തി ചിഹ്നത്തിൽ ജയിച്ച കൗൺസിലർ സ്ഥാനം ഉടൻ രാജിവയ്ക്കണമെന്ന് വരെ ആവശ്യം ഉയർന്നു. തുടർന്നായിരുന്നു പരസ്യമായ മാപ്പ് പറച്ചിൽ. കോൺഗ്രസിന് എതിരെ ഒരു നിലപാടും ഭാവിയിൽ സ്വീകരിക്കരുതെന്ന് യോഗം മിനിയെ താക്കീത് ചെയ്തു.

പ്രസിഡന്റ് ബിജോയി ഇടേട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സതീഷ് ചൊള്ളാനി, തോമസ് ആർ.വി , ടോണി തൈപ്പറമ്പിൽ അഡ്വ. ജോൺ സി തുടങ്ങിയവർ സംസാരിച്ചു.