കോട്ടയം: കേരളത്തിലേക്ക് കടത്താൻ ആംബുലൻസിൽ ഒരുക്കിവച്ചിരുന്ന 600 കിലോ കഞ്ചാവ് സഹിതം രണ്ടു പേർ അറസ്റ്റിൽ. സൂത്രധാരകൻ രക്ഷപ്പെട്ടു. ഉദുമൽപേട്ട സ്വദേശികളായ അശോക് കുമാർ (27), അരുൺ കുമാർ (28) എന്നിവരാണ് അറസ്റ്റിലായത്. ഉദുമൽപേട്ട സ്വദേശി കറുപ്പസ്വാമി (32) പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.
പഴനി ബൈപാസിൽ വച്ച് കഴിഞ്ഞദിവസം കോയമ്പത്തൂരിൽ നാർക്കോട്ടിക് വിഭാഗം ഡിവൈ.എസ്.പി വിൻസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. ആംബുലൻസും കസ്റ്റഡിയിലെടുത്തു.
സംഘനേതാവായ കറുപ്പസ്വാമിയുടെ ഉദുമൽപ്പെട്ട ബസ് സ്റ്റാൻഡിന് സമീപമുള്ള വീട്ടിൽ നിന്ന് 300 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇവിടെ നിന്ന് കയറ്റിക്കൊണ്ടു പോയ 300 കിലോ ആംബുലൻസിന്റെ സീറ്റിനടിയിൽ നിന്നും നാർക്കോട്ടിക് വിഭാഗം കണ്ടെടുത്തിട്ടുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാർക്കോട്ടിക് വിഭാഗം തിരച്ചിൽ നടത്തിയത്. റോഡ് ബ്ലോക്കാക്കിയാണ് ആംബുലൻസ് നിർത്തിച്ചത്. പൊലീസ് ആംബുലൻസിനുള്ളിൽ നോക്കിയപ്പോൾ ഒരാൾ സ്ട്രെച്ചറിൽ കിടക്കുന്നു. തുടർന്നുള്ള തിരച്ചിലിലാണ് 300 കിലോ കഞ്ചാവ് കണ്ടെടുത്തത്.കറുപ്പസ്വാമിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കയറ്റിയതെന്ന ഡ്രൈവറുടെ മൊഴിയെ തുടർന്ന് വീട്ടിൽ തെരച്ചിൽ നടത്തിയപ്പോഴാണ് അവിടെ കടത്താൻ ഒരുക്കിവച്ചിരുന്ന 300 കിലോ കഞ്ചാവ് കണ്ടെടുത്തത്.