പൊൻകുന്നം : സാക്ഷരതയിൽ ഏറ്റവും മുൻപന്തിയിൽ നിൽകുന്ന കേരളം തൊഴിൽ മേഖലയിൽ വളരെ പിന്നിലാണെന്നും നമ്മുടെ വിദ്യാഭ്യാസരീതികളിൽ തൊഴിൽസാദ്ധ്യത കുറവായതാണ് അതിനു കാരണമെന്നും മനുഷ്യാവകാശകമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പറഞ്ഞു. പൊൻകുന്നം സാൻ അന്റോണിയോയിൽ പുതിയതായി തുടങ്ങുന്ന സ്റ്റഡി എബ്രോഡ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വിദ്യാഭ്യാസത്തിന് പുറമെ പുതിയ തൊഴിലുറവിടങ്ങൾ തേടണം. വിദേശരാജ്യങ്ങളിൽ ഭൂരിപക്ഷം വിദ്യാർത്ഥികളും പൊതുവിദ്യാഭ്യാസം ഹയർസെക്കൻഡറി കൊണ്ട് അവസാനിപ്പിക്കുകയും പിന്നീട് തൊഴിലധിഷ്ഠിത മേഖലകളിലേക്ക് തിരിയുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യമാണ് ഇവിടെയും ഉണ്ടാകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെന്റ് ആന്റണീസ് ഗ്രൂപ്പ് ഒഫ് കോളേജുകളുടെ ഡയറക്ടർ ഡോ.ആന്റണി നിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു. എഡക്‌സ് ഗ്ലോബൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് സി.ഇ.ഒ ജോൺ ലിഗോ, പൊൻകുന്നം ഹോളിഫാമിലിചർച്ച് വികാരി ഫാ. ജോണി ചെരിപുറം, ഫാ.തോമസ് ഈറ്റോലിൽ, ജോസ് ആന്റണി, സണ്ണി പി.ജെ , ആന്റണി ജേക്കബ് കൊച്ചുപുരയ്ക്കൽ, സജി നായ്പുരയിടം, ടിജോമോൻ ജേക്കബ്, റ്റിജോ തേക്കുംതോട്ടം, ടോമി ഡൊമിനിക്ക് , ജോസഫ് തോമസ് ഉറുമ്പിൽ എന്നിവർ പ്രസംഗിച്ചു.