അടിമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമതിസംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് 29ന് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്റ് കെ എൻ ദിവാകരൻ പറഞ്ഞു.അതേ സമയം തിങ്കളാഴ്ച്ച നടക്കുന്ന യു. ഡി. എഫ് ഹർത്താലുമായി സഹകരിക്കില്ലെന്ന കാര്യം വ്യാപാരി വ്യവസായി ഏകോപന സമതി വീണ്ടും ആവർത്തിച്ചു.വ്യാപാരി വ്യവസായി ഏകോപന സമതി 2019 ഹർത്താൽ രഹിത വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് നിലപാടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
ജി എസ് ടി വന്നിട്ടും വാറ്റിന്റെ പേരിൽ 2011 മുതൽ 16 വരെയുള്ള കാലഘട്ടത്തിൽ പണമടക്കാനുള്ള നോട്ടീസുകൾ വ്യാപാരികൾക്ക് അയച്ചു കൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമതിസംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശ പ്രകാരം 29ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം സംഘടിപ്പിക്കുന്നത്.ഇടുക്കിക്കായി ഇറങ്ങിയ വിവാദ ഭൂഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 23ന് ജില്ലയിലെ വ്യാപാരികൾ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു.