കോട്ടയം : തൃശൂർ കയ്പമംഗലത്ത് പെട്രോൾ പമ്പുടമയെ പണം കൈവശമുണ്ടെന്ന് കരുതി കൊന്നുതള്ളിയതിന്റെ ഭയം ഇതുവരെ വിട്ടുമാറിയിട്ടില്ല. പണം കൈവശമുണ്ടെങ്കിൽ ആക്രമിക്കപ്പെടാനും മോഷണത്തിനും സാദ്ധ്യതയേറെയാണ്. കേന്ദ്ര സർക്കാർ കാഷ്‌ലെസ് ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുമ്പോൾ ഡിജിറ്റൽ പണ ഇടപാടുകൾക്കുള്ള കമ്മിഷനും ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പണം കൊണ്ടു നടന്ന് എന്തിന് പണിമേടിക്കണം. വിവിധ ഡിജിറ്റൽ പണമിടപാട് സേവനങ്ങൾ ഇങ്ങനെ:

യു.പി.ഐ

നാഷനൽ പേമെന്റ് കോർപറേഷൻ ഒഫ് ഇന്ത്യയും റിസർവ് ബാങ്കും ചേർന്നുള്ള ഏകീകൃത ആപ്ലിക്കേഷനാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേയ്‌സ് (യു.പി.ഐ). ഒട്ടുമിക്ക ബാങ്കുകളും ഇതിൽ പങ്കാളികളാണ്. ഏതു ബാങ്കിന്റെ അക്കൗണ്ടുകൾ തമ്മിലും പണ ഇടപാട് നടത്താം. ഓൺലൈനായും ഓഫ് ലൈനായും ഉപയോഗിക്കാം. പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം.

പി.ഒ.എസ്

റിട്ടൈയിൽ ഇടപാട് പൂർണമാകുന്ന സ്ഥലമാണ് പോയിന്റ് ഒഫ് സെയിൽ (പി.ഒ.എസ്) കച്ചവട സ്ഥാപനങ്ങളിൽ ബില്ലിംഗ് ഏരിയയിൽ ആണ് ഇവയുടെ സ്ഥാനം. കാർഡ് ഉപയോഗിച്ചു കടക്കാരന്റെ അക്കൗണ്ടിലേയ്ക്കു പണം വളരെ എളുപ്പത്തിൽ കൈമാറാം.

മൊബൈൽ പി.ഒ.എസ്

വ്യാപാരികൾക്ക് സുരക്ഷിതമായും എളുപ്പത്തിലും ബില്ലിംഗ് നടത്താം. കച്ചവടക്കാർക്ക് അക്കൗണ്ടുള്ള ബാങ്കുകളിൽ മൊബൈൽ പി.ഒ.എസ് ആവശ്യപ്പട്ട് അപേക്ഷ നൽകാം. അപേക്ഷ പരിഗണിച്ച് ക്യൂ.ആർ കോഡ് നൽകും. ഈ ക്യു.ആർ കോഡ് അല്പം വലിയ സ്റ്റിക്കർ ആയി ബില്ലിംഗ് ഏരിയയിൽ പതിക്കാം. കസ്റ്റമർക്ക് ക്യു.ആർ കോഡിന്റെ ചിത്രമെടുത്ത് പണം കൈമാറാം.

ഇ വാലറ്റ്

പണം ഡിജിറ്റലായി മൊബൈലിൽ സൂക്ഷിക്കുന്ന സംവിധാനമാണ് ഇ വാലറ്റ്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ കറൻസി നോട്ട് നൽകുന്നതിന് പകരം മൊബൈൽ ഫോണിൽ നിന്ന് തുക കൈമാറാനാകും ഡെബിറ്റ് – ക്രെഡിറ്റ് കാർഡിനെക്കാൾ സുരക്ഷിതം. ഇ വോലറ്റ് അക്കൗണ്ടിൽ നിന്നു നേരിട്ട് പണം പിൻവലിക്കാൻ കഴിയില്ല. എന്തെങ്കിലും വാങ്ങാനും കൈമാറാനും മാത്രമേ കഴിയുകയുള്ളൂ.

നെറ്റ് ബാങ്കിംഗ്

ബാങ്കിന്റെ വകഭേദം. ബാങ്കിൽ നിന്ന് ലഭിക്കുന്ന സേവനമെല്ലാം വീട്ടിലിരുന്നു ചെയ്യാം. ബാങ്കിൽ പോകുന്നതിനും വരി നിൽക്കുന്നതിനുമുള്ള സമയവും ചെലവും കുറയും. പേരും, രജിസ്റ്റേർഡ് മൊബൈൽ നമ്പറും ഇ മെയിൽ ഐഡിയുമുണ്ടെങ്കിൽ ഓൺലൈനായി നെറ്റ് ബാങ്കിംഗ് രജിസ്റ്റർ ചെയ്യാം.

മൊബൈൽ ബാങ്കിംഗ്

മൊബൈൽ ഫോൺ മുഖേന ബാങ്കിംഗ് ഇടപാടുകൾ നടത്താനുള്ള ഉപാധിയാണിത്. പണം കൈമാറ്റം, ബിൽ അടയ്ക്കൽ, മൊബൈൽ റീച്ചാർജ് തുടങ്ങിയവയെല്ലാം ലളിതമായി ചെയ്യാനാകും. ചില ബാങ്കുകളുടെ ആപ്ലിക്കേഷനിൽ ഇ-ലോക്ക് സൗകര്യവും ലഭ്യമാണ്.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ഏതു ഡിജിറ്റൽ ഇടപാടായാലും പാസ്‌വേഡ്, ഒ.ടി.പി, എം പിൻ തുടങ്ങിയവ കൈമാറരുത്

അവ ഓർക്കാൻ എളുപ്പമുള്ളതും ഊഹിക്കാൻ പ്രയാസമുള്ളതുമാകണം

ഓൺലൈൻ ഇടപാടുകളിൽ സൂക്ഷിച്ചു മാത്രം വിവരങ്ങൾ പങ്കുവയ്ക്കുക

വ്യക്തിപരമായ വിവരങ്ങളും ആവശ്യമില്ലെന്നു നമുക്കു തോന്നുന്നവയും പുറത്തു വിടരുത്