വൈക്കം : വൈക്കം ഉപജില്ലയുടെ 60-ാംമത് സ്കൂൾ കലോത്സവം ''നിറച്ചാർത്ത് 2019'' 28 മുതൽ 31 വരെ വൈക്കം ആശ്രമം സ്കൂളിൽ നടക്കും. വൈക്കം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും മൂവായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും. 28ന് രാവിലെ 8.30ന് എ ഇ ഒ പ്രീതാരാമചന്ദ്രൻ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വൈക്കം നഗരസഭ ചെയർമാൻ പി.ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര പിന്നണി ഗായകൻ മധുബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്കൃതോത്സവം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.കെ.രഞ്ജിത്തും അറബി സാഹിത്യോത്സവം കലാ മങ്ങാട്ടു നിർവഹിക്കും. കലോത്സവ ആശംസാ ഫലക പ്രകാശനം പിന്നണി ഗായകൻ ദേവാനന്ദ് നിർവഹിക്കും. ഉപജില്ലാ ശാസ്ത്രമേള വിജയികൾക്കുള്ള സമ്മാന വിതരണം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി നിർവഹിക്കും. വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സന്ധ്യയിൽ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും കലോത്സവ മൺചിരാതുകൾ പ്രകാശിപ്പിക്കൽ ചടങ്ങും നടക്കും. 31ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈക്കം നഗരസഭ ചെയർമാൻ പി.ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതൻ മുഖ്യ പ്രഭാഷണം നടത്തും. വൈക്കം എ. എസ്. പി. അരവിന്ദ് സുകുമാർ ഐ പി എസ് സമ്മാന വിതരണം നിർവഹിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ പി.ശശിധരൻ, ജനറൽ കൺവീനർ കെ.വി.പ്രദീപ്കുമാർ, ജോയിന്റ് കൺവീനർമാരായ പി.ആർ.ബിജി, ഷാജി.ടി.കുരുവിള, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ആർ.ശ്രീകുമാർ എന്നിവർ അറിയിച്ചു.