വൈക്കം : മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെയും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന്റെയും കൊടിയേറ്റിനുള്ള കൊടിക്കൂറകളുടെ സമർപ്പണം ഇന്ന് നടക്കും. പന്തീരടി പൂജ കഴിഞ്ഞ് 8.30 നും 9നും ഇടയിൽ വൈക്കം ക്ഷേത്രത്തിലും 9.45 ന് മുൻപായി ഉദയനാപുരം ക്ഷേത്രത്തിലും സമർപ്പിക്കുന്നതിനുള്ള ഒരുക്കം പൂർത്തിയായി. അഞ്ചര മീറ്റർ നീളം വരുന്ന കൊടിക്കൂറ വെൽവെറ്റ്, പട്ടുതുണി; ക്യാൻവാസ്,ലൈസുകൾ, കമ്പിളി കൊണ്ടുള്ള കിന്നരി എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വൈക്കം ക്ഷേത്രത്തിലെ കൊടിക്കൂറയിൽ മാൻ, നന്ദികേശൻ, രണ്ട് വീതം ചന്ദ്രക്കല, വലിയകുമിള, തൃക്കണ്ണ്, ഓട്ടുമണി, കാളാഞ്ചി എന്നിവ തുന്നിചേർത്തിട്ടുണ്ട്.
ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കൂറയിൽ അഷ്ടദളത്തിൽ തമിഴിൽ ഓം എന്ന അക്ഷരം കൂടി 'ആലേഖനം ചെയ്തിരിക്കുന്നത് പ്രത്യേകതയാണ്. ഏഴ് വർണ്ണം മൂന്നു തവണ ആവർത്തിച്ച് 21 കോളമായാണ് കൊടിക്കൂറകൾ പൂർത്തികരിച്ചിരിക്കുന്നത്.
ചെങ്ങന്നൂർ പാണം പറമ്പിൽ മുണ്ടൻകാവ് കുടുംബാംഗമായ സാജനാണ് വ്യതാനുഷ്ഠാനങ്ങളോടെ വൈക്കം ക്ഷേത്രത്തിലെ പ്രാതലും അത്താഴ ഭക്ഷണവും കഴിച്ച് വൈക്കത്തുതന്നെ താമസിച്ച് കൊടിക്കൂറകൾ തയ്യാറാക്കിയത്. കഴിഞ്ഞ 18 വർഷക്കാലമായി വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലേക്ക് കൊടിക്കൂറ തയ്യറാക്കുന്ന സാജൻ ശബരിമല, ചെങ്ങന്നൂർ, ആറൻമുളള തുടങ്ങിയ ക്ഷേത്രങ്ങളിലേക്കും കൊടിക്കൂറ ഒരുക്കിയിട്ടുണ്ട്. മടിയത്തറ വിശ്വകീർത്തിയിൽ എ. എം. വിജയനാണ് ഇരു ക്ഷേത്രത്തിലും വഴിപാടായി കൊടിക്കുറകൾ സമർപ്പിക്കുന്നത്.