തലയോലപ്പറമ്പ് : നിർദ്ധനരായ കാൻസർ, കിഡ്‌നി രോഗികൾക്ക് ചികിത്സ സഹായവും അശരണരായ വയോധികർക്ക് ഭക്ഷണവും വസ്ത്രവും നൽകി 13 യുവാക്കൾ മാതൃകയാകുന്നു. വെള്ളൂർ ഇറുമ്പയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർ.ശങ്കർ സ്മാരക പുരുഷ സ്വയം സഹായ സംഘത്തിലെ അംഗങ്ങളും വാഹന ഡ്രൈവർമാരുമായ യുവാക്കൾ മൂന്നു വർഷം മുമ്പാണ് ദുരിതം പേറുന്നവർക്ക് കൈതാങ്ങാകാൻ ചികിത്സാ പദ്ധതി ആരംഭിച്ചത്.തങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്നും മിച്ചം പിടിക്കുന്നതും സുമനസുകളിൽ നിന്നും സ്വീകരിക്കുന്ന ധനസഹായവും ഉൾപ്പെടുത്തി ഇതിനകം 40തോളം രോഗികൾക്ക് ചികിത്സാ സഹായം നൽകി. രക്തദാനത്തിന് സന്നദ്ധരായി 300 ഓളം പേരെയും ഈ പുരുഷ സ്വയം സഹായ സംഘം സജ്ജമാക്കിയിട്ടുണ്ട്. മൈക്രോ ഫിനാൻസ് വഴി വായ്പ എടുത്ത് ഒരു ആംബുലൻസ് വാങ്ങി നിർദ്ധനരായ രോഗികൾക്ക് സാന്ത്വനമാകാനും മൈക്ക് സെറ്റും മറ്റും വാങ്ങി മിതമായ നിരക്കിൽ പ്രാദേശിക പരിപാടികൾക്കു നൽകി ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഒരുക്കത്തിലാണ് ഇറുമ്പയം ആർ.ശങ്കർ സ്മാരക പുരുഷ സ്വയം സഹായ സംഘമെന്ന് കൺവീനർ പി.കെ.രാജേന്ദ്രനും ജോയിന്റ് കൺവീനർ പി.ആർ. ലെനിനും പറയുന്നു.