കോട്ടയം: നഗരസിരാകേന്ദ്രം വരെ ചീഞ്ഞുനാറുമ്പോഴും നാലുമാസം മുമ്പ് നാഗമ്പടം ഇന്ദിരാഗാന്ധി മൈതാനത്ത് സ്ഥാപിച്ച എയ്റോബിക് കംമ്പോസ്റ്റ് യൂണിറ്റ് കാടുകയറി നശിക്കുകുകയാണ്. മുൻ ഭരണസമിതിയുടെ കാലത്ത് നിർമ്മിച്ച മറ്റൊരു പ്ലാന്റും ഇതിനടുത്തുതന്നെ നോക്കുകുത്തിയായി അവശേഷിക്കുന്നു.
ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിക്കുന്ന പ്ലാന്റുകൾ സ്മാരകങ്ങളായി തീരുന്നതല്ലാതെ നഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല. കോട്ടയം നഗരത്തിന്റെ തന്ത്രപ്രധാനഭാഗങ്ങൾ ഉൾപ്പെടുന്ന നാഗമ്പടം സൗത്ത് വാർഡിന്റെ മാലിന്യപ്രശ്നത്തിനുപോലും ഏയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് യാതൊരുസംഭാവനയും നൽകുന്നില്ല. ഈ വാർഡിലാണ് ഇന്ദിരാഗാന്ധി മൈതാനം. കഴിഞ്ഞ ജൂൺ 22ന് പ്ലാന്റ് ഉദ്ഘാടനവേളയിൽ മാലിന്യനിർമാർജനം സംബന്ധിച്ച് നഗരസഭ അദ്ധ്യക്ഷ ഡോ. പി.ആർ. സോന നടത്തിയ പ്രഖ്യാപനങ്ങളിൽ ഒന്നുപോലും കാര്യക്ഷമമായി നടപ്പാക്കിയുമില്ല.
നാഗമ്പടം സൗത്ത് വാർഡിൽ പുറമെ കാണുന്നതിനേക്കാൾ ഭീകരമാണ് ഓടകളിലെ മാലിന്യനിക്ഷേപം. ശാസ്ത്രി റോഡിൽ നിന്ന് കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തുകൂടി എം.സി റോഡിലേക്കെത്തുന്ന ഇടവഴയിലും പരിസരവുമാണ് ജൈവമാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രം. അണ്ണാൻകുന്ന് റോഡിന് സമീപത്തും ആളുകൾ മാലിന്യം നിക്ഷേപിക്കുന്നുണ്ട് വൻകിട ഹോട്ടലുകൾ ഉൾപ്പടെ ഇവിടുത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളിലേയും കക്കൂസ് ടാങ്കുകളും, മലിനജലവുമെല്ലാം ഓടയിലേക്ക് ഒഴുക്കുന്നു. ശാസ്ത്രിറോഡിൽ സദനം ജംഗ്ഷൻ, കുര്യൻ ഉതുപ്പ് റോഡ് എന്നിവിടങ്ങളിൽ ചെറിയൊരു മഴപെയ്താൽപോലും ശക്തമായ വെള്ളക്കെട്ടിന് കാരണമാകുന്നതും ഓടയിലെ നിക്ഷേപംമൂലമാണ്.
4 മാസം മുമ്പ് പറഞ്ഞതൊന്നും നടപ്പിലായില്ല
അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണസ്ക്വാഡുകൾ പ്രവർത്തിക്കും.
പിടിക്കപ്പെടുന്നവരെ പ്രോസിക്യൂഷന് വിധേയരാക്കും.
പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പിഴ, പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് സ്വതന്ത്രാനുമതി നൽകി.
കച്ചവട സ്ഥാപനങ്ങൾ, ആഡിറ്റോറിയങ്ങൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള ഖര-ദ്രവ്യ മാലിന്യസംസ്കരണ സംവിധാനങ്ങൾ 15 ദിവസത്തിനകം പൂർത്തിയാക്കും.
മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി രാത്രികാല സ്ക്വാഡിന്റെ പ്രവർത്തനം നവംബർ വരെ ഊർജിതമായി നടപ്പിലാക്കും.
കൗൺസിലർ പറഞ്ഞത് മാസ്റ്റർപ്ലാൻ അടിയന്തരമായി നടപ്പിലാക്കണം
കഴിഞ്ഞ നാലര വർഷത്തിനിടെ വാർഡ് കൗൺസിലർ എന്ന നിലയിൽ എനിക്ക് കിട്ടിയ മുഴുവൻ ഫണ്ടും ഓടകളുടെ നവീകരണത്തിന് വേണ്ടിയാണ് ചെലവഴിച്ചത്. ചില സ്ഥലത്ത് ഓടയിൽ ഇറങ്ങി വൃത്തിയാക്കാൻപോലും പറ്റാത്ത അവസ്ഥാണ്. ശക്തമായ മഴപെയ്യുമ്പോൾ കക്കൂസ് ടാങ്കുകൾ ഓടയിലേക്ക് തുറന്നുവിടുന്ന സ്ഥാപനങ്ങളും നഗരത്തിലുണ്ട്. കുര്യൻ ഉതുപ്പ് റോഡിന്റെ നവീകരണവേളയിൽ അവിടെയുണ്ടായിരുന്ന ഒരുകലുങ്ക് അടഞ്ഞുപോയതാണ് നെഹ്രുസ്റ്റേഡിയത്തിലെ വെള്ളക്കെട്ടിന് കാരണം. കൊച്ചിയിലുണ്ടായ ദുരന്തം ആവർത്തിക്കാതിരിക്കണമെങ്കിൽ കോട്ടയത്തെ ഓടകളുടെ നവീകരണത്തിന് മാസ്റ്റർപ്ളാൻ തയ്യാറാക്കി അടിയന്തിരമായി നടപ്പിലാക്കണം. മുനിസിപ്പൽ കൗൺസിലിൽ നിരവധി തവണ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ള കാര്യമാണിത്. ഒരു കൗൺസിലർക്ക് പ്രതിവർഷം 15 ലക്ഷം രൂപയാണ് അടിസ്ഥാന വികസനത്തിന് ലഭിക്കുന്ന പരമാവധിതുക. റോഡുകളുടെ അറ്റകുറ്റപ്പണിക്കും, ഓട നവീകരണത്തിനുമെല്ലാം ഇത് അപര്യാപ്തമാണ്.
:- സാബു പുളിമൂട്ടിൽ, കൗൺസിലർ