കോട്ടയം : ആഹ്ലാദത്തിന്റെ വർണക്കാഴ്ചകൾ മിഴി തുറക്കാൻ ഇനി മണിക്കൂറുകൾ മാത്രം. നന്മയുടെ ദീപപ്രഭയിൽ ദീപാവലി പടിവാതിൽക്കലെത്തി. മൺചിരാതുകളിൽ ദീപങ്ങളുടെ നിരയൊരുക്കിയും മധുരപലഹാരങ്ങൾ സമ്മാനിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കാൻ നാടും നഗരവും ഒരുങ്ങി. ജനങ്ങൾ ആഘോഷം ഏറ്റെടുത്തതോടെ വിപണിയിലും ഉത്സവമേളമാണ്. ഓൺലൈൻ ഷോപ്പിംഗ് രംഗത്തും ദീപാവലയോടനുബന്ധിച്ച് ഓഫറുകളുടെ പൂരമാണ്. തിന്മയ്ക്ക് മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ദീപാവലി നിറപ്പകിട്ടോടെ കൊണ്ടാടാനുള്ള തയ്യാറെടുപ്പിലാണ് നാട്.

മധുരമീ ദീപാവലി

ലഡു, ജലേബി, മിൽക്ക് പേഡ, ബർഫി, മൈസൂർ പാക്ക് തുടങ്ങി കൊതിയൂറും മധുര പലഹാരങ്ങളുമായാണ് ബേക്കറികൾ ഒരുങ്ങിയിരിക്കുന്നത്. ഒന്നിന് 6 രൂപ മുതൽ നിരക്കിൽ വ്യത്യസ്തതരം ലഡു ലഭ്യമാണ്. പിസ്താ ലഡു, ബട്ടർ ലഡു, ഗീ ലഡു എന്നിവയെല്ലാം ബേക്കറികളിൽ നിരന്നുകഴിഞ്ഞു. മിൽക്ക് ബർഫി, ചോക്‌ലേറ്റ് ബർഫി, ഓറഞ്ച് ബർഫി, പൈനാപ്പിൾ ബർഫി, കാജു ബർഫി തുടങ്ങിയവയും വിപണിയിലുണ്ട്. കലോയ്ക്ക് 300 – 360 രൂപയാണ് ശരാശരി വില. ദീപാവലി സ്‌പെഷ്യൽ സ്വീറ്റ് ബോക്‌സുകളാണ് ബേക്കറികളിലെ മറ്റൊരു താരം. 125 രൂപ മുതൽ സ്വീറ്റ് ബോക്‌സുകൾ ലഭ്യം. സോൻപപ്ടി, രസഗുള, ഗുലാബ് ജാമുൻ, ഹൽവ തുടങ്ങിയവയെല്ലാം ആഘോഷങ്ങൾക്കു മധുരം കൂട്ടുന്നു.

പൊട്ടിവിരിയണം ആഘോഷം

നഗരത്തിൽ പടക്കവിപണി സജീവമായി. സ്ഥിരം പടക്കക്കടകൾക്ക് പുറമേ തട്ടുകളിട്ട് പ്രത്യേക വിപണിയും ഉഷാറായി നടക്കുന്നു. കുറഞ്ഞ വിലയ്ക്കു ലഭ്യമാകുന്ന വർണപ്പൊലിമയുള്ള ചൈനീസ് ഇനങ്ങൾക്കാണ് ആവശ്യക്കാരേറെ. വിപണിയിൽ ചൈനീസ് കടന്നുകയറ്റമുണ്ടെങ്കിലും കമ്പിത്തിരി, മത്താപ്പൂ, ഓലപ്പടക്കം, ചക്രം, റോക്കറ്റ് എന്നിവയ്ക്കും പ്രിയം കുറഞ്ഞിട്ടില്ല. സ്‌കൈ ഷോട്ട്‌സും വിപണിയിലെ മുഖ്യ ആകർഷണമാണ്.