പാലാ: അപ്രതീക്ഷിത നീക്കത്തിലൂടെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം കൈക്കലാക്കിയ ളാലം ബ്ലോക്കിൽ ഇന്നലെ ചേർന്ന അടിയന്തിര കമ്മിറ്റിയിൽ നിന്ന് കേരളാ കോൺഗ്രസ് എമ്മിലെ അംഗങ്ങൾ വിട്ടു നിന്നു. പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള ടെൻഡർ അംഗീകരിക്കുന്നതിനാണ് പുതിയ പ്രസിഡന്റിന്റെ കോൺഗ്രസിലെ ജോസ് പ്ലാക്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അടിയന്തിര കമ്മിറ്റി വിളിച്ചുചേർത്തത്. പ്രതിഷേധസൂചകമായാണ് കേരളാ കോൺഗ്രസ് എമ്മിലെ അംഗങ്ങൾ കമ്മിറ്റിയിൽ പങ്കെടുക്കാതിരുന്നത്. കോൺഗ്രസിലെ അഞ്ച് അംഗങ്ങൾ പങ്കെടുത്തു. വൈസ് പ്രസിഡന്റ് കോൺഗ്രസിലെ പൗളിറ്റ് തങ്കച്ചൻ സ്ഥലത്തില്ലാതിരുന്നതിനാൽ മുൻകൂട്ടി അറിയിച്ച് കമ്മിറ്റിയിൽ പങ്കെടുത്തില്ല. കോറം തികയാൻ മൂന്നിലൊന്നു അംഗങ്ങൾ മതിയെന്നതിനാൽ തീരുമാനങ്ങൾ പാസാക്കി കമ്മിറ്റി പിരിഞ്ഞു.