പാലാ: ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ട് മണിയോട് അടുത്ത സമയം. രാമപുരം ഭാഗത്തു നിന്നെത്തിയ ഒരു സ്വകാര്യ ബസ് പാലാ ടൗൺ ബസ് സ്റ്റാൻഡിലേക്ക് തിരിഞ്ഞു കയറാൻ തുടങ്ങുന്നു. ഇതിനിടെ പിന്നാലെ എത്തിയ ഒരു ബൈക്ക് യാത്രക്കാരൻ, ബസിനെ ഓവർ ടേക്ക് ചെയ്ത് കേറി വരുന്നു. ബൈക്ക് ബസിന്റെ മുന്നിൽ ചെറുതായൊന്നു തട്ടി; യാത്രക്കാരനും ബൈക്കും 10 മീറ്റർ അകലെ അർബൻ ബാങ്കിന് മുന്നിലേക്ക് തെറിച്ചു വീണു; ഭാഗ്യംകൊണ്ട് മാത്രം ബൈക്ക് യാത്രക്കാരന് സാരമായ പരിക്കൊന്നുമേറ്റില്ല. പക്ഷേ ബൈക്കിന്റെ മുൻ വശം തകർന്നു.....
ടൗൺ ബസ് സ്റ്റാൻഡിന്റെ മുഖ്യ കവാടം അപകടക്കെണിയാണെന്ന് ഏതാനും ആഴ്ചകൾക്കു മുമ്പേ തന്നെ 'കേരളകൗമുദി ' ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് പ്രവേശന കവാടത്തിലെ ഓടയ്ക്കു മുകളിലെ ഇരുമ്പ് കമ്പികൾ വാഹനങ്ങൾ കയറി വളഞ്ഞ് ഒടിഞ്ഞതായിരുന്നൂ റിപ്പോർട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ഈ കമ്പികൾ നീക്കി പുതിയതു സ്ഥാപിക്കാൻ അധികാരികൾ തയ്യാറായി. പക്ഷേ ഇപ്പോഴും ഇവിടെ അപകടം മാത്രം ഒഴിയുന്നില്ല.
രാമപുരം, പൊൻകുന്നം, ഉഴവൂർ ഭാഗങ്ങളിൽ നിന്നും വരുന്ന സ്വകാര്യ ബസ്സുകൾ പലപ്പോഴും വേഗതയിൽ എത്തി സ്റ്റാൻഡിലേക്ക് പൊടുന്നനെ തിരിയുന്നു. ഇതോടെ പിന്നാലെ എത്തുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുന്നു. ചില വാഹനങ്ങൾ സ്റ്റാൻഡിലേക്ക് തിരിയുന്ന ബസ്സുകളിൽ ഇടിക്കുന്നു. ഇത് പതിവുകാഴ്ചയാണെന്ന് സ്റ്റാൻഡിലെ വ്യാപാരികളും പതിവു യാത്രക്കാരും പറയുന്നു.
ഇന്നലെ പക്ഷേ സ്റ്റാൻഡിലേക്ക് സ്വകാര്യ ബസ് സാവധാനമാണു തിരിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതിനിടെ ബസിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ച യാത്രക്കാരന്റെ ബൈക്ക് ബസിന്റെ മുൻ ഭാഗത്ത് തട്ടുകയായിരുന്നു.
വഴി പരിചിതമില്ലാത്ത ഡ്രൈവർമാർ വാഹനങ്ങൾ ഓടിക്കുമ്പോൾ, മുന്നിൽ പോകുന്ന ബസ് പെട്ടെന്ന് തിരിഞ്ഞ് സ്റ്റാൻഡിലേക്ക് കയറുമെന്ന് പ്രതീക്ഷിക്കില്ല. ഇതും അപകടങ്ങൾക്ക് വഴി വെയ്ക്കുന്നുണ്ട്.
സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസില്ല. സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ ഉള്ള പൊലീസാകട്ടെ, കവാടം ഭാഗത്തേക്ക് വരാറുമില്ല.
ട്രാഫിക് പൊലീസിന്റേയും സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിലുള്ള പൊലീസിന്റെയും ഇടയ്ക്കിടെയുള്ള സാന്നിദ്ധ്യവും ഈ ഭാഗത്ത് അത്യാവശ്യമാണെന്ന് സ്റ്റാൻഡിലെ വ്യാപാരികളും യാത്രക്കാരും ഒരേ സ്വരത്തിൽ പറയുന്നു.
ബസുകൾ സ്റാൻഡിലേക്ക് തിരിയുന്നത് വേഗതയിൽ
ഗതാഗതം നിയന്ത്രിക്കാൻ ഇവിടെ പൊലീസുമില്ല
സ്റ്റാൻഡ് കവാടത്തിലുള്ള സ്റ്റോപ്പിൽ ഒരു ബസ് നിറുത്തിയിട്ടിരിക്കുമ്പോൾ പിന്നാലെ എത്തുന്ന ബസ്സുകളും യാത്രക്കാരെ കയറ്റാനും ഇറക്കാനും വേഗത കുറച്ചതാണെന്നേ ഇവയ്ക്ക് പുറകേ വരുന്ന വഴി പരിചയമില്ലാത്ത ഡ്രൈവർമാർ കരുതൂ. അപ്പോഴാകും ഒരു ബസ് പെട്ടെന്ന് സ്റ്റാൻഡിലേക്കു തിരിയുക. ഇതും ദുരന്തങ്ങൾക്ക് വഴിവെയ്ക്കുന്നതാണ്.