പാലാ: പാലായിൽനിന്നും ഇന്ന് മുതൽ കോയമ്പത്തൂരിലേയ്ക്ക് കെ.എസ്.ആർ.ടി.സിയുടെ ബസ് സർവീസ് ആരംഭിക്കും. രാവിലെ 9.30ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ മാണി സി കാപ്പൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.
ദിവസവും രാത്രി പത്തു മണിക്കാണ് കോയമ്പത്തൂരിലേയ്ക്ക് സർവീസ് നടത്തുന്നത്. തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, പാലക്കാട് വഴി വെളുപ്പിന് 5.30ന് കോയമ്പത്തൂർ ഗാന്ധിപുരത്ത് എത്തും. തിരികെ രാവിലെ 10ന് പുറപ്പെടുന്ന ബസ് വൈകിട്ട് 5.30ന് പാലായിൽ എത്തിച്ചേരും. ഫാസ്റ്റ് പാസഞ്ചറായിട്ടാണ് സർവീസ് നടത്തുന്നത്. പാലായിൽ നിന്നും കോയമ്പത്തൂർ ഗാന്ധിപുരം വരെ 211 രൂപയാണ് ബസ് ചാർജ്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനുള്ള സൗകര്യം താമസിക്കാതെ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.