pampanar-sn-college

പാമ്പനാർ: ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആന്റ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ദേശീയ സാംക്രമിക രോഗനിയന്ത്രണ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ പീരുമേട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന കൊതുകുജന്യ രോഗപ്രതിരോധ പരിപാടികൾക്ക് തുടക്കമായി.പ്രാരംഭമായി പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പരിസരങ്ങളിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ചെറുതും വലുതുമായ പാത്രങ്ങൾ, മരക്കുറ്റികൾ, പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ ഇവയെല്ലാം ഒഴിവാക്കി കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കാനാണ് ഈ കർമ്മ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂൾ വിദ്യാർഥികൾക്ക് കൊതുകുജന്യ രോഗ പ്രതിരോധ പ്രവർത്തനത്തെക്കുറിച്ച് അറിവ് നൽകാനും അവരെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജ്ജരാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഭവനസന്ദർശനത്തിലൂടെ ഇത് സംബന്ധിച്ച ലഘുരേഖ ജനങ്ങളിലെത്തിക്കുന്ന കർമ്മ പദ്ധതി പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ സുകന്യമോൾ സുരേഷ്, സഞ്ജു എസ്. ആനന്ദ് , വോളണ്ടിയർ സെക്രട്ടറി അലീന മൈക്കിൾ, ദേശീയ സാംക്രമിക രോഗ നിയന്ത്രണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ. രാജേന്ദ്രൻ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പീരുമേടിന് പുറമെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലും ഈ പ്രവർത്തനം വ്യാപിപ്പിക്കാനാണ് എൻ.എസ്.എസ് ലക്ഷ്യമിടുന്നത്.