വെള്ളൂർ: വൻസാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് പ്രതിസന്ധിയിലായിരുന്ന വെള്ളൂർ സർവീസ് സഹകരണബാങ്ക് പുനർജനിയുടെ പാതയിൽ.
ഒരുനൂറ്റാണ്ടോളം പ്രവർത്തനപാരമ്പര്യമുള്ള ബാങ്ക് ഒരിക്കൽ ലിക്വഡേഷന്റെ വക്കുവരെ എത്തിയശേഷമാണ് കരകയറിയത്. ഇന്നിപ്പോൾ പുതിയഭരണസമിതിയെ തിരഞ്ഞെടുത്ത് മുഖ്യധാരയിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. നവംബർ 10ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ പാനലുകളിലായി 34 പേർ മത്സരരംഗത്തുണ്ട്. വെള്ളൂരിൽ പൂട്ടിക്കിടക്കുന്ന പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരുടെ ചെറിയ നിക്ഷേപങ്ങളാണ് ബാങ്കിന്റെ പ്രധാന മൂലധനം. 1999- 2014 വരെയുള്ള കാലയളവിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ ബാങ്കിനെ പ്രതിസന്ധിയിലാക്കി.
2018ൽ അഡീഷണൽ ട്രഷറി ഡയറക്ടറായിരുന്ന ജി. പ്രസാദിന്റെ നേതൃത്വത്തിൽ ചുമതലയേറ്റ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ലിക്വഡേഷനിൽ നിന്ന് ബാങ്കിനെ കരകയറ്റിയത്. ക്രമക്കേടിന്റെ പേരിൽ ആരോപണവിധേയരായ ജീവനക്കാരെ പിരിച്ചുവിടുകയും ബാങ്കിന് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുകയും ചെയ്തു. വായ്പകൾ തിരിച്ചടയ്ക്കാൻ വിസമ്മതിച്ചവർ റവന്യുറിക്കവറി നടപടിയും നേരിട്ടു. അങ്ങനെ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുത്തശേഷമാണ് ഇപ്പോൾ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തുന്നത്. ബാങ്കിന്റെ തിരിച്ചുവരവ് വെള്ളൂരിലെ സഹകാരികൾക്ക് മാത്രമല്ല, നാടിന് തന്നെ പുത്തനുണർവ് സൃഷ്ടിച്ചിരിക്കുകയാണ്.