കോട്ടയം : എത്ര കബളിപ്പിക്കപ്പെട്ടാലും പാഠം പഠിക്കാത്തവരായി മാറുകയാണ് മലയാളികൾ. വഴിയോര വാണിഭക്കാരുടെ വായ്‌ത്താരി വിശ്വസിച്ചും വിലക്കുറവിൽ ആകർഷിക്കപ്പെട്ടും മൊട്ടുസൂചി മുതൽ റോക്കറ്റുവരെ എന്തും വാങ്ങിക്കൂട്ടുന്നവരാണ് ഏറെയും.
ഈ പരമ്പരയിൽ ഒടുവിലെത്തിയതാണ് രാജസ്ഥാൻ 'മൺതവകൾ'. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺതവ കച്ചവടം പൊടിപൊടിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് വ്യാപാരികൾ ലക്ഷക്കണക്കിന് തവകളാണ് ചെറുലോറികളിൽ എത്തിച്ച് കേരളത്തിന്റെ തെരുവോരങ്ങളിൽ വിറ്റഴിക്കുന്നത്. ആവശ്യക്കാർ ഏറുന്നതനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ട്. വിലപേശുന്നവർക്ക് ആദ്യം പറയുന്നതിന്റെ നാലിലൊന്ന് വിലയ്ക്ക് തവ സ്വന്തമാക്കാം. എന്നാൽ ഇത് യഥാർത്ഥ തവയ്ക്ക് പകരമാകുമൊ എന്നകാര്യത്തിലും സാധനം മൺപാത്രങ്ങൾ തന്നെയാണോ എന്നും ആർക്കും ഉറപ്പില്ല.
ഊരും പേരുമില്ലാത്ത ഉൽപ്പന്നങ്ങളുമായി വഴിയോരങ്ങളിൽ നടക്കുന്ന തട്ടിക്കൂട്ട് വ്യാപാരമേളകളിലെ തിക്കുംതിരക്കും ഇതാദ്യമല്ല. അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവോടെ കേരളത്തിലെ നഗരങ്ങളിൽ ഞായറാഴ്ച ഉത്സവപ്രതീതിയാണ്. കടകളിൽ നിന്ന് വലിയ വിലകൊടുത്തു വാങ്ങുന്ന പല ഉൽപ്പന്നങ്ങളുടെയും കൃത്രിമ പതിപ്പുമായി നൂറുകണക്കിന് വഴിയോര വാണിഭക്കാർ നിരത്തുകളിൽ നിറയും. മൊബൈൽ ഫോൺ മുതൽ മാന്ത്രിക കല്ലുകൾ വരെ പലതുമുണ്ട്. 10 രൂപമുതൽ ആയിരങ്ങൾ വരെ വിലയുള്ള ഇതിനൊന്നും നികുതിയില്ല, യാതൊരു ഗുണമേന്മ പരിശോധനകളുമില്ല.
'മൺതവകൾ എന്ന പേരിൽ വിൽക്കുന്ന ഈ പാത്രങ്ങൾ മൺപാത്രമാണെന്ന് യാതൊരു ഉറപ്പുമില്ല. ഈ പാത്രങ്ങൾ പൊട്ടിച്ചു നോക്കിയാൽ അത് വ്യക്തമാകും. മണ്ണുകൊണ്ട് ഉണ്ടാക്കുന്നത് എന്ന് പറയുന്ന പാത്രങ്ങൾ പൊട്ടിച്ചാൽ കിട്ടുന്നത് കറുത്ത പൊടിയാണ്. ഇത് അങ്ങനെയല്ല. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാവുന്ന ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പന നിയന്ത്രിക്കാൻ ആരോഗ്യവകുപ്പും പൊലീസും ഇടപെടണം.
- എം.ജെ. അജയൻ കുമരകം.
200 രൂപ
പറയും പേശിയാൽ
70 നു കിട്ടും