പാലാ : കടനാട് ഗ്രാമപഞ്ചായത്തിലെ നീലൂരിൽ റോഡ് പുനർനിർമ്മാണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ കല്ലും മണ്ണും കടത്തിയതായി പരാതി. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നീലൂർ പൊട്ടൻ പ്ലാക്കൽ ഞള്ളിക്കുന്ന് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും അനധികൃതമായാണ് വൻതോതിൽ കല്ലും മണ്ണും കടത്തിയതെന്നും കടനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് പറഞ്ഞു. ഇതു സംബന്ധിച്ച് മേലുകാവ് പൊലീസിലും ജില്ലാ മൈനിംഗ് അധികാരികൾക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിജിലൻസ് അസി.സെക്രട്ടറിയുടെ മൊഴി എടുത്തതായാണ് സൂചന.
വാർഡംഗമായ തന്നെപ്പോലും അറിയിക്കാതെയാണ് ചിലർ റോഡ് പണിക്കായി തിടുക്കം കൂട്ടിയതെന്നും നിരവധി ടോറസുകൾ തുടർച്ചയായി ഓടിച്ചാണ് വൻതോതിൽ പാറ പൊട്ടിച്ചതും മണ്ണും കടത്തിയതുമെന്നും ട്രീസമ്മ തോമസ് പറഞ്ഞു. ഇതിനെ
എതിർത്തതിന് വികസനവിരുദ്ധയെന്ന് മുദ്രകുത്താൻ ചിലർ ശ്രമിക്കുകയാണെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഇവർ പറഞ്ഞു.
തടിയൂരാൻ ഗൂഢനീക്കം
കല്ല് കടത്തൽ വിവാദമായതോടെ റോഡ് പണി പഞ്ചായത്ത് പ്ലാൻ പദ്ധതിയിൽപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനെതിരെ ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിലെ ഇടതുപ്രതിനിധികൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുള്ള പകൽ കൊള്ളയ്ക്ക് കൂട്ടു നിൽക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. നിയമപ്രകാരം മാത്രമെ റോഡ് പണി പദ്ധതിയിൽ ഉൾപ്പെടുത്താവൂയെന്ന് 14 അംഗ ഭരണസമിതിയിലെ 8 അംഗങ്ങൾ ആവശ്യപ്പെട്ടു.
രാഷ്ട്രീയകക്ഷികളും മൗനത്തിൽ
കോൺഗ്രസ് പ്രതിനിധിയായ പ്രസിഡന്റിനെയും, കേരള കോൺഗ്രസ് അംഗമായ വൈസ് പ്രസിഡന്റിന്റിനെയും അവിശ്വാസത്തിലൂടെ പുറത്താക്കിയാണ് കടനാട് പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തത്. എന്നാൽ സംഭവം വിവാദമായിട്ടും പരസ്യപ്രതികരണത്തിന് പോലും യു.ഡി.എഫ് തയ്യാറായിട്ടില്ല. യു.ഡി.എഫ് പഞ്ചായത്തംഗങ്ങളുടെ ആവശ്യപ്രകാരം കടനാട് മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് ശക്തമായ സമരം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിറ്റേന്ന് വിഴുങ്ങി. യോഗം ചേർന്നില്ലെന്നാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോം കോഴിക്കോട്ട് പറഞ്ഞത്.
ജനകീയ ആവശ്യം നടപ്പാക്കി
റോഡിലെ കയറ്റം കുറയ്ക്കണമെന്ന ജനകീയ ആവശ്യമാണ് നടപ്പാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻകണ്ടം പറഞ്ഞു. കുറച്ചു പാറയും, മണ്ണും നീക്കേണ്ടി വന്നിട്ടുണ്ട്. സ്വന്തം നിലനിൽപ്പ് നോക്കി സെക്രട്ടറി പരാതി കൊടുത്തുവെന്നല്ലാതെ ഇതിൽ വലിയ കാര്യമില്ല. പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.