പാലാ : ദീപാവലി ദിനമായിരുന്ന ഇന്നലെ പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നു കോയമ്പത്തൂരിലേക്ക് പുതിയ പാസ്റ്റ് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു. രാവിലെ 9.30ന് പാലാ ഡിപ്പോയിൽ നടന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. വ്യാപാരികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ അടക്കമുള്ള യാത്രക്കാർക്കും തമിഴ്‌നാട്ടിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും വലിയ അനുഗ്രഹമാണ് പുതിയ സർവീസ്. ദിവസവും രാത്രി 10 ന് പാലായിൽ നിന്നു പുറപ്പെടുന്ന ബസ് രാവിലെ 5.30 ന് കോയമ്പത്തൂർ ഗാന്ധിപുരത്ത് എത്തിച്ചേരും. തിരികെ രാവിലെ 10 ന് കോയമ്പത്തൂരിൽ നിന്നു പുറപ്പെടുന്ന ബസ് വൈകിട്ട് 5.30 ന് പാലായിൽ എത്തും. കോയമ്പത്തൂരിലേക്ക് ഒരു രാത്രി സർവീസ് എന്ന പാലാക്കാരുടെ ദീർഘകാലമായ ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്. തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ ,അങ്കമാലി തൃശൂർ, പാലക്കാട് എന്നീ സ്ഥലങ്ങളിലൂടെയാണ് സർവീസ്.