പാലാ : ജൈവനെൽകൃഷി പരിശീലനത്തിന്റെ ഭാഗമായി 'വയൽക്കൂട്ടം' എന്ന പേരിൽ അറക്കുളം സെന്റ് മേരീസ് സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം വിദ്യാർത്ഥികൾ പാലേക്കർ മോഡൽ നെൽകൃഷിയുടെ പ്രായോഗിക അറിവുതേടി കൊണ്ടാട് ചൂരവേലി മധുവിന്റെ പാടത്ത് ഞാറുനട്ടു. സമീപത്ത് തൈപ്പറമ്പിൽ എം.പി.കൃഷ്ണൻനായരുടെ പാടത്ത് വിത്തും വിതച്ചു. വയൽ പഠനത്തിന്റെ പാഠങ്ങൾ കുട്ടികൾ മധുവിൽ നിന്നു മനസിലാക്കി. നാടൻപശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് നാടൻ നെല്ലിനങ്ങളുടെ കൃഷിയാണ് ചൂരവേലി പാടത്ത് ഏഴു വർഷമായി ചെയ്തുവരുന്നത്. ഞാറുനടീലിന്റെയും വിത്തു വിതയ്ക്കലിന്റെയും ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു. പാടത്ത് ചെളിയിൽ ഇറങ്ങിയുള്ള ഞാറുനടീൽ വേറിട്ടൊരനുഭവമായിരുന്നു എന്ന്
കുട്ടികളും, എൻ.എസ്.എസ് കോ-ഓർഡിനേറ്റർമാരായ ടോം ജോസ്, ജോവിൻ തോമസ്, ജസ്ലിൻ പി. ജോസ് എന്നിവരും പറഞ്ഞു. അനീഷ് തേക്കുമലയും ശ്രീജിത്തും കുട്ടികൾക്ക് ഞാറുനടുന്നതിന് സഹായികളായി. കാരനാട്ട് നാരായണൻ നമ്പൂതിരി പ്രകൃതി പഠനത്തിലൂടെ വ്യക്തിത്വ വികാസം എന്ന വിഷയത്തിലെ പ്രായോഗിക അനുഭവങ്ങളെക്കുറിച്ച് കുട്ടികളുമായി ആശയവിനിമയം
നടത്തി. അറുപത് കുട്ടികളും അദ്ധ്യാപകരുമാണ് വയൽക്കിളികൾ എന്ന പേരിൽ വയൽ പഠനത്തിനായി രാമപുരത്ത് എത്തിയത്.