കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ യു.ഡി.എഫ് നേതൃത്വത്തിനും പി.ജെ.ജോസഫിനുമെതിരെ രൂക്ഷ വിമർശനം. പാലായിലെ തോൽവിക്കു കാരണക്കാരൻ ജോസഫ് ആണെന്നും ജോസഫിനെ നിയന്ത്രിക്കാൻ യു.ഡി.എഫ് നേതാക്കൾ ശ്രമിച്ചില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു.
പാലായിലെ തോൽവിക്കു കാരണം കേരള കോൺഗ്രസിന്റെ കൂട്ടുത്തരവാദിത്വമില്ലായ്മ ആണെന്ന കെ. മുരളീധരന്റെ ആരോപണത്തിന് എതിരെയും യോഗത്തിൽ ശക്തമായ പ്രതിഷേധമുയർന്നു.
കേരള കോൺഗ്രസിനെ വെല്ലുവിളിക്കാൻ മുരളീധരൻ വളർന്നിട്ടില്ലെന്നും വട്ടിയൂർക്കാവിലെ തോൽവിക്കു കാരണം മുരളീധരനാണെന്നും ചിലർ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ വോട്ടെടുപ്പ് വരെ ജോസഫ് നടത്തിയ പരസ്യ പ്രസ്താവനകൾ മുന്നണി മര്യാദകളുടെ ലംഘനമായിരുന്നു. വിമത സ്ഥാനാർത്ഥിയെ നിറുത്തിയും തുടർച്ചയായി വിവാദങ്ങൾ ഉണ്ടാക്കിയും യു.ഡി.എഫിൽ തമ്മിലടിയാണെന്ന പ്രതീതി ബോധപൂർവം സൃഷ്ടിച്ചു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ എം.പിമാരായ ജോസ് കെ. മാണി തോമസ് ചാഴികാടൻ അടക്കം 56 അംഗങ്ങൾ പങ്കെടുത്തു. പി.കെ.സജീവ് അദ്ധ്യക്ഷത വഹിച്ചു.
കോടതി വിധി നിർണായകം
ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ പാർലമെന്ററി പാർട്ടി ചെയർമാനെ തിരഞ്ഞെടുക്കാൻ ജോസഫ് 26 ന് യോഗം വിളിച്ചിരുന്നു. ജോസ് പക്ഷത്തുള്ള എം.എൽ.എമാരായ റോഷി അഗസ്റ്റിനും എൻ.ജയരാജിനും കത്തും നൽകി. എന്നാൽ നിയമസഭയിൽ തത്‌സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് ജോസ് പക്ഷം സ്പീക്കർക്ക് കത്തു നൽകിയതോടെ യോഗം നവംബർ ഒന്നിലേക്ക് മാറ്റി.
31ന് കോടതി വിധി ജോസഫിന് അനുകൂലമെങ്കിൽ നവംബർ ഒന്നിന് ജോസഫ് വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ജോസ് വിഭാഗം എം.എൽ.എമാർ നിർബന്ധിതരാകും. അല്ലെങ്കിൽ അച്ചടക്ക നടപടി എടുക്കാം. ഒരു എം.എൽ.എയുടെ ഭൂരിപക്ഷം ജോസഫ് വിഭാഗത്തിനുള്ളതിനാൽ ജോസഫിനെ പാർലമെന്ററി പാർട്ടി നേതാവായി ജോസ് വിഭാഗത്തിനും അംഗീകരിക്കേണ്ടിവരും.