പാലാ : നടനകലയിലെ ലാസ്യഭാവങ്ങൾ പകർന്നാടി 'മോഹിനികളെ ' സൃഷ്ടിക്കുകയാണ് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം കൺവീനർ സോളി ഷാജി തലനാട്. ഒന്നര പതിറ്റാണ്ടായി വിട്ടുനിന്ന നൃത്തവേദിയിലേക്കുള്ള സോളിയുടെ മടങ്ങിവരവ് 'മോഹിനിയാട്ടം' ആശാട്ടിയുടെ വേഷപ്രച്ഛന്നതയോടെ. ഏകാത്മകം 2020 മെഗാ ഇവന്റ് മോഹിനിയാട്ടത്തിനായുള്ള യൂണിയനിലെ അറുപതോളം കുട്ടികളുടെ നൃത്താദ്ധ്യാപികയാണിപ്പോൾ ഇവർ. യോഗത്തിനു കീഴിൽ, കോട്ടയം ജില്ലയിലുള്ള യൂണിയൻ വനിതാസംഘങ്ങളിൽ കൺവീനറുടെ സ്ഥാനം കൂടി വഹിക്കുന്ന ഏക നൃത്തപരിശീലക എന്ന ബഹുമതിയും സോളിക്ക് സ്വന്തം. രണ്ടാം ക്ലാസ് മുതൽ നൃത്ത പഠനം ആരംഭിച്ച സോളി പിന്നീട് നൃത്തരംഗത്തെ അതി പ്രശസ്തരായ ചെല്ലപ്പൻ ഭവാനി, ഇടമറ്റം മോഹനകുമാർ എന്നിവരുടെ ശിഷ്യയായി. അക്കാലത്ത് ഭരതനാട്യം , നാടോടി നൃത്തം, മോഹിനിയാട്ടം എന്നിവയിൽ കലോത്സവങ്ങളിൽ കഴിവ് തെളിയിച്ച ഈ നർത്തകി വിവാഹശേഷം പതിയെ അരങ്ങിൽ നിന്നു പിൻവാങ്ങി. മീനച്ചിൽ യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷാജി തലനാടിന്റെ ഭാര്യയായ സോളി കുറേക്കാലം തലനാട്ടിൽ വീട്ടിൽ ഡാൻസ് ക്ലാസുകളും നടത്തിയിരുന്നു. കഴിഞ്ഞ പതിനഞ്ചു വർഷമായി അരങ്ങിനോടു പൂർണമായും വിട പറഞ്ഞിരുന്ന ഇവർ എസ്. എൻ.ഡി.പി. യോഗത്തിന്റെ മോഹിനിയാട്ടം മെഗാ ഇവന്റിലൂടെ നിരവധി ശിഷ്യർക്ക് ചിലങ്ക ചാർത്തുകയാണ്. മീനച്ചിൽ യൂണിയൻ വനിതാസംഘം കമ്മിറ്റി അംഗം ബിന്ദു സജികുമാർ ഉൾപ്പെടെ അറുപതോളം പെൺകുട്ടികൾക്കാണ് ഇവർ പരിശീലനം കൊടുക്കുന്നത്. ഇന്നലെ യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടന്ന പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകാൻ വനിതാസംഘം യൂണിയൻ നേതാക്കളായ അംബികാ സുകുമാരൻ, ബിന്ദു സജികുമാർ, രാജി ജിജിരാജ് എന്നിവരും എത്തിയിരുന്നു.