കോട്ടയം: കോടിമത നാലുവരിപ്പാതയിൽ അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന സ്‌കൂട്ടർ യാത്രക്കാരെ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു വീഴ്‌ത്തി. സ്‌കൂട്ടറിൽ ഇടിച്ച കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിനെ മീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടു പോകുകയും ചെയ്‌തു. അപകടത്തിൽ പരിക്കേറ്റ മൂലവട്ടം കുന്നമ്പള്ളി തടത്തിൽ അനുരാജ്, സനോജ് എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്‌ക്കു സാരമായി പരിക്കേറ്റ അനുരാജ് വെന്റിലേറ്ററിൽ ചികിത്സയിലാണ്. സനോജിന്റെയും പരിക്ക് ഗുരുതരമാണ്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിലായിരുന്നു അപകടം. നാലുവരിപ്പാതയ്‌ക്കരികിലെ വിൻസർ കാസിൽ ഹോട്ടലിൽ നിന്നും സ്‌കൂട്ടറിൽ പുറത്തേയ്‌ക്കിറങ്ങി വരികയായിരുന്നു ഇരുവരും. നാലുവരിപ്പാതയുടെ മദ്ധ്യത്തിലെ തിരിവിലൂടെ മണിപ്പുഴ ഭാഗത്തേയ്‌ക്കു പോകുന്നതിനായി ഇവർ സ്‌കൂട്ടർ തിരിച്ചു. തിരിവ് കഴിഞ്ഞ റോഡിനു മദ്ധ്യത്തിലേയ്‌ക്കു സ്‌കൂട്ടർ എത്തിയതും, കോടിമത ഭാഗത്തു നിന്നും എത്തിയ കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ഇടിയുടെ ആഘാതത്തിൽ മുന്നിൽ കുടുങ്ങിയ സ്‌കൂട്ടറിനെയും യാത്രക്കാരെയും റോഡിലൂടെ ബസ് വലിച്ചിഴച്ചു കൊണ്ടു പോയി. മീറ്ററുകൾ നിരങ്ങി നീങ്ങിയ ശേഷമാണ് ബസ് നിന്നത്.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ബസിനിടയിൽ നിന്നും സ്‌കൂട്ടർ യാത്രക്കാരെ പുറത്തെത്തിച്ചു. തുടർന്ന് ഇതുവഴി എത്തിയ ആംബുലൻസിൽ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്കു മാറ്റി. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. വിൻസർ കാസിൽ ഹോട്ടലിനു മുന്നിലെ തിരിവ് അടയ്‌ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി സംഘടിച്ചത് നേരിയ സംഘർഷത്തിനും പൊലീസുമായി വാക്കേറ്റത്തിനും ഇടയാക്കി. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ ആർ.രതീഷ്‌കുമാർ, കോട്ടയം വെസ്റ്റ് എസ്.ഐ എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

 നാലുവരിപ്പാതയിലെ ഡിവൈഡർ അപകടക്കെണി

നാലുവരിപ്പാതയിൽ അപകടത്തുരുത്തായി മാറിയ ഡിവൈഡറിനു മധ്യത്തിലെ തിരിവ് ഒഴിവാക്കാനൊരുങ്ങി പൊലീസ്. കോടിമത പാലം മുതൽ മണിപ്പുഴ ജംഗ്‌ഷൻ വരെയുള്ള രണ്ടര കിലോമീറ്റർ നാലുവരിപ്പാതയിൽ ഡിവൈഡർ നിർമ്മിച്ചിട്ടുണ്ട്. ഇതിനു മധ്യത്തിലായാണ് വാഹനങ്ങൾ കടന്നു പോകുന്നതിനായി തിരിവ് നിർമ്മിച്ചിരിക്കുന്നത്. ഈ തിരിവ് അടയ്‌ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.പി മൂവാറ്റുപുഴ ഡിവിഷന് കത്തു നൽകും. റോഡ് നിർമ്മിച്ച കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഈ പ്രദേശത്ത് മാത്രം 67 അപകടങ്ങൾ ഉണ്ടായതായാണ് പൊലീസിന്റെ കണക്ക്. റിട്ട.എ.എസ്.ഐ തമ്പി അടക്കം ഒൻപതു പേരാണ് നാലുവരിപ്പാതയിൽ ഈ ഭാഗത്തു മാത്രം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മാത്രം മരിച്ചത്. ഇതിനിടെയാണ് ഇന്നലെ നാലുവരിപ്പാതയിൽ വിൻസർ കാസിൽ ഹോട്ടലിനു മുന്നിലുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്കു ഗുരുതരമായി പരിക്കേറ്റത്.

 അപകടങ്ങൾ ഒഴിവാക്കാൻ

അപകടങ്ങൾ ഒഴിവാക്കുന്നതിനായാണ് പൊലീസ് ശ്രമിക്കുന്നത്. ഈ തിരിവിൽ അശ്രദ്ധമായാണ് ആളുകൾ റോഡ് മുറിച്ച് കടക്കുന്നത്. ഇത് അപകടങ്ങൾ ഇരട്ടിയാക്കും. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി.

ആർ.രതീഷ്‌കുമാർ

എസ്.എച്ച്.ഒ

ചിങ്ങവനം